കെഎസ്ആര്‍ടിസി സ്‌കാനിയ ബസുകള്‍ ബംഗളൂരുവില്‍ പിടിച്ചെടുത്തു; വിട്ടുതരാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ല; കേരളം അങ്ങോട്ട് ‘പണി കൊടുത്തപ്പോള്‍’ കര്‍ണാടക അയഞ്ഞു

കൊച്ചി: കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സുകള്‍ കര്‍ണാടക ഗതാഗത വകുപ്പ് പിടിച്ചെടുത്തു. തിരിച്ചു പോരാനാകാതെ കുടുങ്ങിയ കെഎസ്ആര്‍ടിസി ബസുകളെ വിട്ടയച്ചത് കേരളം അതേനാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍…!!! കോട്ടയത്ത് നിന്നും കോഴിക്കോട്ട് നിന്നും ബംഗളുരുവിലേക്ക് പോയ ബസ്സുകളാണ് ചന്ദാപുര ആര്‍ടിഒ പിടിച്ചെടുത്ത് ഗാരേജിലിട്ടത്. ചട്ടം ലംഘിച്ച് സ്‌കാനിയ ബസ്സില്‍ പരസ്യം പതിച്ചെന്ന് കാണിച്ചാണ് ബസ്സ് പിടിച്ചെടുത്തത്. പല തവണ കേരളം ആവശ്യപ്പെട്ടിട്ടും കര്‍ണാടകം ബസ്സ് വിട്ടുനല്‍കിയില്ല. ഒടുവില്‍ കേരളം കര്‍ണാടക ബസ്സുകളില്‍ വ്യാപക പരിശോധന തുടങ്ങിയതോടെ കര്‍ണാടകം വൈകിട്ടോടെ ബസ്സുകള്‍ വിട്ടു നല്‍കി.

ഞായറാഴ്ച പുലര്‍ച്ചെ ബംഗളുരുവിലെത്തിയ ബസ്സുകളാണ് ചന്ദാപുര ആര്‍ടിഒ പിടിച്ചെടുത്തത്. സ്‌കാനിയ ബസ്സുകള്‍ക്ക് മേല്‍ പരസ്യം പതിക്കുന്നത് ചട്ടവിരുദ്ധമാണെന്നും, ഇത് പെര്‍മിറ്റിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പല തവണ കേരളം ആവശ്യപ്പെട്ടിട്ടും ബസ്സ് വിട്ടു നല്‍കാന്‍ കര്‍ണാടക ഗതാഗത വകുപ്പ് തയ്യാറായില്ല. ഞായറാഴ്ച വൈകിട്ട് 9.30-ന് തിരികെ വരേണ്ടിയിരുന്ന ബസ്സുകളായിരുന്നു ഇത് രണ്ടും. രണ്ട് ബസ്സുകളിലും ബുക്കിംഗുമുണ്ടായിരുന്നു.

വൈകിട്ടോടെ ഗതാഗതകമ്മീഷണര്‍ കര്‍ണാടക ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഫലമുണ്ടായില്ല. തുടര്‍ന്ന് കേരളത്തിലേക്ക് എത്തിയ കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ സംസ്ഥാന ഗതാഗത വകുപ്പ് പരിശോധന തുടങ്ങി. കര്‍ണാടക ആര്‍ടിസിയുടെ 7 ബസ്സുകള്‍ കേരളത്തിലെ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഗതാഗതമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

കേരളം സമ്മര്‍ദ്ദം കടുപ്പിച്ചതോടെ കര്‍ണാടകം വഴങ്ങി. കര്‍ണാടക അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി നേരിട്ട് ബസ്സുകള്‍ വിട്ടു നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഒടുവില്‍ ഒരു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വൈകിട്ട് 9.30-യ്ക്ക് തന്നെ ബസ്സുകള്‍ കേരളത്തിലേക്ക് പുറപ്പെടുകയും ചെയ്തു. കല്ലട സംഭവത്തിനും പിന്നാലെ കെഎസ്ആര്‍ടിസിയെ ആണ് കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ബുക്ക് ചെയ്ത യാത്രക്കാര്‍ ആശങ്കയിലാകുകയും ചെയ്തു. എന്നാല്‍ ട്രിപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്ന സമയത്തിന് മുന്‍പ് തന്നെ ബസുകള്‍ വിട്ടുനല്‍കിയതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവായി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment