ഹോസ്റ്റലില്‍ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് എസ്എഫ്‌ഐക്കെതിരേ ….

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് പുറത്ത്. കരഞ്ഞുപറഞ്ഞിട്ടും പോലും ക്ലാസിലിരുത്താതെ എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോയിയെന്ന് കുറിപ്പില്‍ വിദ്യാര്‍ഥിനി പറയുന്നു. പരീക്ഷയുടെ തലേ ദിവസം നേരെത്തെ വീട്ടില്‍ പോകാനിറങ്ങിയപ്പോള്‍ തടഞ്ഞു നിര്‍ത്തി ചീത്ത വിളിച്ചുവെന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ശരീരത്തില്‍ പിടിച്ചു തടഞ്ഞു നിര്‍ത്തിയെന്ന് പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നു. ആത്മഹത്യ പ്രേരണക്കു കാരണക്കാര്‍ യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലും എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളുമെന്നും പെണ്‍കുട്ടി കുറിപ്പില്‍ വിശദമാക്കുന്നു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്കുറിപ്പ് പുറത്തായതോടെ എസ്എഫ്‌ഐ വെട്ടിലായിരിക്കുകയാണ്.

എസ്എഫ്‌ഐ നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നെന്ന് ആത്മഹത്യാകുറിപ്പ് എഴുതി വച്ചാണ് കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായെന്ന് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുള്ളതായി പൊലീസ് പറയുന്നു.

രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് രക്തംവാര്‍ന്ന് ബോധരഹിതയായ നിലയില്‍ വിദ്യാര്‍ഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകട നില തരണം ചെയ്തു. ഒന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാത്തതിനാല്‍ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വര്‍ഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്. അതെ സമയം വിദ്യാര്‍ത്ഥിയോ രക്ഷിതാക്കളോ ഇക്കാര്യം പൊലീസിനോട് പരാതിപ്പെട്ടിട്ടില്ല. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള നടപടികളെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്.

വിദ്യാര്‍ത്ഥിനി പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. കോളേജില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ് എസ്എഫ്‌ഐ രംഗത്തെത്തി.

pathram:
Leave a Comment