100 ബൂത്തുകളില്‍ റീപോളിങ് വേണമെന്ന് യുഡിഎഫ്

കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്. നൂറോളം ബൂത്തുകളിലാണ് യുഡിഎഫ് റീ പോളിങ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റീപോളിനായുള്ള യുഡിഎഫിന്റെ ആവശ്യം.

കാസര്‍കോട് മണ്ഡലത്തില്‍ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം വോട്ടിങ് നടന്നത്. അതില്‍ 100 ബൂത്തുകളില്‍ റീപോളിങ് വേണമെന്നാണ് യുഡിഎഫ് ആവശ്യമുന്നയിക്കുന്നത്. തൃക്കരിപ്പുര്‍, കല്യാശ്ശേരി, പയ്യന്നൂര്‍,കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലാണ് റീപോളിങ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും പോളിങ് ഉദ്യോഗസ്ഥരായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ ജില്ലാ കളക്ടറെ കാണും.

കാസര്‍കോട് മണ്ഡലത്തിലുള്‍പ്പെടുന്ന പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതിനെ കുറിച്ച് ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കള്ളവോട്ട് നടന്നുവെന്ന് വെബ് ക്യാമറയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കളക്ടറെ അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. റിപ്പോര്‍ട്ട് തിങ്കളാഴ്ച തന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനു കൈമാറുമെന്നാണ് സൂചന. വിഷയത്തിലെ തുടര്‍നടപടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular