ശ്രീലങ്കയിലെ സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും

കൊളംബോ: ശ്രീലങ്കയില്‍ എട്ടിടങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും. കാസര്‍ഗോഡ് മെഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയായ റസീന കൊല്ലപ്പെട്ടതായാണ് വിവരം. ശ്രീലങ്കയില്‍ ഉള്ള ബന്ധുക്കളെ കാണാനായാണ് ഇവര്‍ കൊളംബോയിലെത്തിയത്. സ്ഫോടനത്തിന്‍ 158 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

രാവിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പെട ആറിടങ്ങളില്‍ സ്ഫോടനം നടന്നതിന് പിന്നാലെ രണ്ടിടങ്ങളില്‍ കൂടി സ്ഫോടനം നടന്നിരുന്നു. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് രാവിലെ സ്ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്. കൊളംബോ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ മൃഗശാല അടച്ചു. എട്ടാമത്തെ സ്ഫോടനം നടന്നത് പാര്‍പ്പിട സമുച്ചയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് വരെ ശ്രീലങ്കയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.

ഈസ്റ്റര്‍ ദിവസമായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ എല്ലാം വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നത് ആള്‍നാശം വര്‍ധിപ്പിച്ചു. സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ബോംബ് സ്ഫോടനത്തിന് പിന്നാലെ ദെയവാലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കരുതലെന്ന നിലയില്‍ രാജ്യത്തെ സാമൂഹിക മാധ്യമങ്ങള്‍ സര്‍ക്കാര്‍ താല്‍കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തര സുരക്ഷസമിതി യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ അവലോകനം ചെയ്തിരുന്നു.

pathram:
Leave a Comment