കുത്തക മുതലാളിമാരെ സഹായിക്കുന്നതിന് ഇറക്കുമതി ചുങ്കം കൂട്ടിയത് പ്രേമചന്ദ്രന്റെ ആവശ്യപ്രകാരം; കൊല്ലത്തെ ചെറുകിട കശുവണ്ടി വ്യവസായികളെ ദ്രോഹിച്ചതിന് മറുപടി നല്‍കണം: ബാലഗോപാല്‍

കൊല്ലം: ചെറുകിട വ്യവസായികളെയും തൊഴിലാളികളേയും ദുരിതത്തിലാഴ്ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കശുവണ്ടി മേഖലയില്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്‍ കെ പ്രേമചന്ദ്രന്‍ ആണെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊല്ലം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ശ്രീ കെ എന്‍ ബാലഗോപാല്‍. ഇത്തരം ജനദ്രോഹപരമായ നടപടികള്‍ കൈക്കൊണ്ട പ്രേമചന്ദ്രനെ തൊഴിലാളികള്‍ തിരിച്ചറിയണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അയത്തില്‍ കശുവണ്ടി ഫാക്ടറിയിലെത്തിയ ബാലഗോപാല്‍ തൊഴിലാളികളുടെ സാന്നിധ്യത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കശുവണ്ടി കയറ്റുമതി രംഗത്തെ ചില കുത്തക മുതലാളിമാരെ സഹായിക്കുന്നതിനായി സിറ്റിംഗ് എം പിയായ എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍മ്മലാ സീതാരാമന് നിവേദനം നല്‍കിയാണ് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയത്. രാജ്യസഭാ അംഗമായിരുന്ന തന്റെയടുത്തും ഇതേ ആവശ്യവുമായി വന്‍കിട മുതലാളിമാര്‍ എത്തിയിരുന്നു. എന്നാല്‍ ജനദ്രോഹപരമായ ഈ നടപടിയ്ക്ക് താന്‍ കൂട്ടുനിന്നില്ല. തുടര്‍ന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍മ്മലാ സീതാരാമന്‍ വഴി ഈ നിവേദനം പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുകയും ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുകയും ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ കശുവണ്ടി വ്യവസായ മേഖലയായ കൊല്ലത്തെ ചെറുകിട കശുവണ്ടി വ്യവസായികളെ വന്‍ കടക്കെണിയിലേക്ക് തള്ളിവിടുകയും അതുവഴി ലക്ഷക്കണക്കിന് വരുന്ന കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാക്കുകയുമാണ് ഇതിലൂടെ പ്രേമചന്ദ്രന്‍ ചെയ്തതെന്നും ബാലഗോപാല്‍ ആരോപിച്ചു.

അയത്തില്‍ കശുവണ്ടിവികസന കോര്‍പ്പറേഷന്‍ ഫാക്ടറിയില്‍ നടന്ന പ്രചാരണ പരിപാടിയില്‍ നൂറുകണക്കിനു വരുന്ന കശുവണ്ടി തൊഴിലാളികള്‍ പനിനീര്‍ പുഷ്പങ്ങള്‍ നല്‍കിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ഇരവിപുരം നിയമസഭാ മണ്ഡലത്തില്‍ തുടരുന്ന പ്രചാരണ പരിപാടികള്‍ക്ക് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, എം. നൗഷാദ് എംഎല്‍എ തുടങ്ങിവര്‍ നേതൃത്വം നല്‍കി രംഗത്തുണ്ട്.

ഇടതിനും വലതിനും മാറിമാറി അവസരം നല്‍കിയ മണ്ണാണ് കൊല്ലത്തിന്റേത്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള കൊല്ലം ലോക്‌സഭാ മണ്ഡലം കഴിഞ്ഞ പത്തുവര്‍ഷമായി യുഡിഎഫിനൊപ്പമാണ്. ജില്ലയിലെ രണ്ടുലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികളും പ്രബലരായ മല്‍സ്യത്തൊഴിലാളികളും സ്വീകരിക്കുന്ന സമീപനവും സാമുദായിക സംഘടനകള്‍ കൈക്കൊള്ളുന്ന നിലപാടുമാവും കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുക. അഭിമാനം വീണ്ടെടുക്കാന്‍ കെ എന്‍ ബാലഗോപാലിനെ രംഗത്തിറക്കി സിപിഎമ്മും വ്യക്തിപ്രഭാവത്തില്‍ എന്‍ കെ പ്രേമചന്ദ്രനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇത്തവണ പോരാട്ടം കടുക്കുമെന്നതില്‍ തര്‍ക്കമില്ല.

തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ തിരഞ്ഞെടുപ്പ് ചൂടിലായ മണ്ഡലമാണ് കൊല്ലം. ആര്‍എസ്പിയും സിപിഎമ്മും നേരത്തെ തന്നെ പ്രചരണരംഗത്ത് സജീവമായതോടെ മറ്റുവിവാദങ്ങളും മാറിനിന്നു. പല മണ്ഡലങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ വിവാദമായപ്പോഴും കൊല്ലം പ്രചരണത്തിന്റെ തിരക്കിലായിരുന്നു. ചവറ, കൊല്ലം, ചാത്തന്നൂര്‍, ഇരവിപുരം, ചടയമംഗലം, കുണ്ടറ, പുനലൂര്‍ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലം. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാമണ്ഡലത്തിലും വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

pathram:
Leave a Comment