വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

കൊച്ചി: പുതിയ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഡീലര്‍മാര്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കണമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചു. നമ്പര്‍പ്ലേറ്റിന് വിലയോ ഘടിപ്പിക്കുന്നതിന് കൂലിയോ ഈടാക്കാന്‍ പാടില്ല. പുതിയഭേദഗതിപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ വാഹനത്തിന്റെ ഭാഗമാണ്. സ്ഥിരം രജിസ്ട്രേഷനാകുമ്പോള്‍ നമ്പര്‍പ്ലേറ്റ് വാഹനത്തില്‍ ഘടിപ്പിക്കേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്.

ഹോളോഗ്രാം ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളുള്ളതാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ്. സ്‌ക്രൂചെയ്ത് ഉറപ്പിക്കുന്നതിനുപകരം ഇളക്കിമാറ്റാന്‍ കഴിയാത്ത റിവേറ്റുകള്‍ ഉപയോഗിച്ചാണ് വാഹനത്തില്‍ ഘടിപ്പിക്കുക. വേര്‍പ്പെടുത്തുമ്പോള്‍ നമ്പര്‍പ്ലേറ്റ് ഉപയോഗശൂന്യമാകും. വാഹനത്തിന്റെ മുന്‍വശത്തെ കണ്ണാടിയില്‍ ഹോളോഗ്രാമുള്ള പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ഇതില്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഉണ്ടാകും.

നിലവിലുള്ള വാഹനങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാക്കുന്നതായി സര്‍ക്കാര്‍ ഉത്തരവിലില്ല. ഡീലര്‍മാരെയോ അംഗീകൃത ഏജന്‍സികളെയോ സമീപിച്ച് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നതിലും തടസ്സമില്ല. ചെലവ് വാഹന ഉടമ വഹിക്കണമെന്നുമാത്രം.

pathram:
Related Post
Leave a Comment