രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും; സിദ്ദിഖ് സന്തോഷത്തോടെ പിന്മാറിയെന്ന് ഉമ്മന്‍ചാണ്ടി; രാഹുല്‍ അംഗീകരിച്ചെന്ന് മുല്ലപ്പള്ളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെ പി സി സി ആവശ്യപ്പെട്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. നിലവില്‍ വയനാട്ടില്‍ മത്സരിക്കാനിരിക്കുന്ന ടി. സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും സന്തോഷത്തോടെ സിദ്ധിഖ് പിന്മാറിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വയനാട് സീറ്റില്‍ ആരെയും പ്രഖ്യാപിക്കാതിരുന്നത് ഇതിനാലാണെന്നാണ് സൂചന. രാഹുലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം ആവശ്യം രാഹുല്‍ അംഗീകരിച്ചെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കെ.പി.സി.സി തീരുമാനം എ.ഐ.സി.സിയെ അറിയിച്ചത്. രാഹുലിന്റെ തീരുമാനം ഇന്നു തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം മുമ്പ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ എം എല്‍ എമാരായ വി ടി ബല്‍റാമും കെ എ ഷാജിയും ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്നുള്ള എം പിയാണ് രാഹുല്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയാണ് രാഹുലിനെതിരെ ബി ജെ പി രംഗത്തിറക്കുന്നത്. 2014ലും സ്മൃതി തന്നെയായിരുന്നു രാഹുലിന്റെ എതിരാളി. അമേഠിയില്‍ വിജയസാധ്യതയെ കുറിച്ച് സംശയമുയര്‍ന്ന സാഹചര്യത്തിലാണ് രാഹുലിനായി പാര്‍ട്ടി സുരക്ഷിതമണ്ഡലം തേടുന്നത്. തമിഴ്‌നാട്ടില്‍നിന്ന് രാഹുലിനെ മത്സരിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular