തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയെ കൂട്ടുപിടിക്കാന്‍ സിപിഎം ; മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി

ചേര്‍ത്തല: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍, പി. തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നീ മന്ത്രിമാരാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്

3.33 കോടി രൂപ ചിലവഴിച്ചാണ് സര്‍ക്കാര്‍ ക്ഷേത്രത്തില്‍ ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. വെള്ളാപ്പള്ളി നടേശനാണ് കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ അദ്ധ്യക്ഷന്‍. ഇതിന്റെ ഉദ്ഘാടനത്തിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്‍.എസ്.എസുമായി സി.പി.എം ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

നേരത്തെ ശബരിമല വിഷയത്തില്‍ ഉള്‍പ്പടെ സര്‍ക്കാരിന് പരസ്യമായ പിന്തുണ നല്‍കുന്ന നിലപാടായിരുന്നു എസ്.എന്‍.ഡി.പി യോഗം സ്വീകരിച്ചിരുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയ വനിതാ മതില്‍ വിജയിപ്പിക്കുന്നതിലും വെള്ളാപ്പള്ളി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കണിച്ചിക്കുളങ്ങര ക്ഷേത്രത്തിന് ഈ പദ്ധതി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

മുഖ്യമന്ത്രിക്ക് ഇന്ന് എട്ട് പരിപാടികളാണ് ആലപ്പുഴയില്‍ ഉള്ളത്. ഇതില്‍ രണ്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി ഹെലിക്കോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തി യോഗത്തില്‍ പങ്കെടുക്കുകയും തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മടങ്ങിയെത്തി മറ്റ് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.

pathram:
Leave a Comment