ക്രിക്കറ്റില്‍ ചരിത്രം കുറിക്കാന്‍ വനിതാ അംപയര്‍മാര്‍

അഡ്ലെയ്ഡ്: പുരുഷ ക്രിക്കറ്റില്‍ പുതു ചരിത്രം രചിക്കാനൊരുങ്ങി വനിതാ അംപയര്‍മാര്‍. ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്ലബ് ക്രിക്കറ്റില്‍ ആണ് എലോയിസ് ഷെരിദാനും മേരി വാല്‍ഡ്രനും അംപയര്‍മാരുടെ തൊപ്പി അണിയുന്നത്. ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്ലബ് ക്രിക്കറ്റില്‍ ആദ്യമായാണ് രണ്ട് വനിതകള്‍ ഒരു മത്സരം നിയന്ത്രിക്കാനൊരുങ്ങുന്നത്. അഡ്ലെയ്ഡില്‍ ടീ ട്രീ ഗള്ളി- നോര്‍ത്തേണ്‍ മത്സരത്തിലാണ് ഇരുവരും അംപയര്‍മാരുടെ സ്റ്റാന്‍ഡില്‍ നിലയുറപ്പിക്കുക.
ദക്ഷിണ ഓസ്ട്രേലിയന്‍ ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്രിക്കറ്റില്‍ മത്സരം നിയന്ത്രിച്ച ആദ്യ വനിതാ അംപയറായി വാര്‍ത്തകളിലിടം പിടിച്ചയാളാണ് എലോയിസ് ഷെരിദാന്‍. വനിതാ ബിഗ് ബാഷ് ലീഗില്‍ അഡ്ലെയ്ഡ് സ്ട്രൈക്കേര്‍സ്- മെല്‍ബണ്‍ സ്റ്റാര്‍സ് മത്സരത്തില്‍ ക്ലൈര്‍ പൊളോസാക്കിനൊപ്പം മത്സരം നിയന്ത്രിച്ചും ഷെരിദാന്‍ ശ്രദ്ധനേടിയിരുന്നു. ഓസ്ട്രേലിയയില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് മാച്ച് നിയന്ത്രിക്കുന്ന ആദ്യ വനിതാ ജോഡി എന്ന നേട്ടം അന്ന് ഇവര്‍ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ വനിതാ ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനായി കളിച്ച താരമാണ് മേരി വാല്‍ഡ്രന്‍. അയര്‍ലന്‍ഡിനായി ഫുട്‌ബോളിലും മേരി മൈതാനത്തിറങ്ങിയിട്ടുണ്ട്. പുരുഷ ഫസ്റ്റ് ഗ്രേഡ് ക്രിക്കറ്റില്‍ ആദ്യമായാണ് മേരി വാല്‍ഡ്രന്‍ അംപയറാവുന്നത്. പോര്‍ട്ട് അഡ്ലെയ്ഡ് ക്രിക്കറ്റ് ക്ലബിന്റെ താരവും അംപയറുമാണ് വാല്‍ഡ്രന്‍.

Similar Articles

Comments

Advertismentspot_img

Most Popular