ഞങ്ങള്‍ എന്തിനാണ് സഭയില്‍ വരുന്നതെന്ന് സ്പീക്കറോട് ചെന്നിത്തല

തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച നടപടി ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയിലെ ഒരു എം.എല്‍.എ.ക്കെതിരേയാണ് വധക്കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഞങ്ങള്‍ എന്തിനാണ് സഭയില്‍ വരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഷുക്കൂര്‍ വധക്കേസില്‍ ടി.വി. രാജേഷ് എം.എല്‍.എയും പി. ജയരാജനും പ്രതികളാണ്. ഇക്കാര്യം സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സഭാനടപടികള്‍ തടസപ്പെടുത്തേണ്ടിവന്നത്. സ്പീക്കറുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു ചെന്നിത്തല പറഞ്ഞു.

സമീപകാലത്തൊന്നും വധക്കേസിലെ കുറ്റപത്രത്തില്‍ എം.എല്‍.എയുടെ പേരുവന്നിട്ടില്ല. എം.എല്‍.എയെ ക്രിമിനല്‍ കേസില്‍ അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതിയൊന്നും ആവശ്യമില്ല. അരിയില്‍ ഷുക്കൂറിന്റേത് ആള്‍ക്കൂട്ട കൊലപാതകമാണ്. എങ്ങനെയാണ് ഒരാളെ ഇങ്ങനെ കൊലപ്പെടുത്താനാകുന്നത്. ആള്‍ക്കൂട്ട കൊലപാതകം സി.പി.എം. നടത്തിയാലും ബി.ജെ.പി. നടത്തിയാലും എതിര്‍ക്കപ്പെടേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

pathram:
Leave a Comment