തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസാ ജോണിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ളൊരു നീക്കമായിരുന്നു സിപിഎം ജില്ലാകമ്മിറ്റി ഓഫിസിലെ റെയ്ഡ്. രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളില്‍ സാധാരണ റെയ്ഡ് നടക്കാറില്ല. പാര്‍ട്ടി ഓഫിസുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. അന്വേഷണങ്ങളോടു രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
എന്നാല്‍ പൊലീസ് സ്‌റ്റേഷനിലേക്കു കല്ലേറ് നടത്തിയ ആക്രമികളെ കണ്ടെത്തുന്നതിന് സിപിഎം ഓഫിസ് റെയ്ഡ് നടത്തിയ നടപടി നിയമവിരുദ്ധമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. എഡിജിപി മനോജ് എബ്രഹാമാണ് എസ്പി ചൈത്ര തെരേസ ജോണിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്.
ചൈത്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നു ശുപാര്‍ശയില്ല. അതേസമയം ക്രമസമാധാന പ്രശ്‌ന സാധ്യത മുന്‍നിര്‍ത്തി ചൈത്രയ്ക്കു ജാഗ്രത പുലര്‍ത്താമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിപിഎം ഓഫിസില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി ഓഫിസ് റെ!യ്ഡ് നടത്തുന്ന കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കാമായിരുന്നു. പരിശോധനാ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നുവെന്നും എഡിജിപി വ്യക്തമാക്കി. റിപ്പോര്‍ട്ട് എഡിജിപി ഡിജിപിക്ക് കൈമാറി. അതേസമയം എസ്പി ചൈത്രയ്‌ക്കെതിരായ നീക്കം പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.