കോട്ടയത്ത് കളി വേണ്ട..!! കോണ്‍ഗ്രസിനും ജോസഫിനും പണി കൊടുക്കാന്‍ മാണിയുടെ പുതിയ നീക്കം

കൊച്ചി: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ പുതിയ നീക്കവുമായി കേരള കോണ്‍ഗ്രസ്. യു.ഡി.എഫിന്റെ സീറ്റ് വിഭജനച്ചര്‍ച്ചയ്ക്കു കാത്തുനില്‍ക്കാതെ കോട്ടയത്തു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. കോട്ടയത്ത് ഏതു പാര്‍ട്ടിയെന്ന കാര്യത്തില്‍ മുന്നണിയിലൊരു ചര്‍ച്ച കെ.എം. മാണി ഇഷ്ടപ്പെടുന്നില്ല. ഒപ്പം, കോട്ടയം വച്ച് വിലപേശാനൊരുങ്ങുന്ന പി.ജെ. ജോസഫിനെയും വെട്ടാം.

കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന്‍ തന്നെയാകും സ്ഥാനാര്‍ഥിയെന്നു പ്രഖ്യാപിച്ച ആര്‍.എസ്.പി. ഇക്കാര്യത്തില്‍ മാണി ഗ്രൂപ്പിനു മുന്നിലുണ്ട്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശധാരണയായെന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ഉയര്‍ത്തിവിട്ട അസ്വസ്ഥതകള്‍ക്കിടയിലാണു മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. മുല്ലപ്പള്ളിയുടെ പ്രസ്താവന കൂടുതല്‍ സീറ്റ് ചോദിക്കാനൊരുങ്ങുന്ന മുസ്ലിം ലീഗിനും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

ജോസ് കെ. മാണി മത്‌സരത്തിനുണ്ടാകുമായിരുന്നെങ്കില്‍ കോട്ടയത്തു കണ്ണുവയ്ക്കാന്‍ മറ്റാരും ഒരുമ്പെടുമായിരുന്നില്ല. ജോസ് കെ. മാണി രാജ്യസഭയിലേക്കു പോയ തക്കത്തിന് പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനായ ജോസഫ് കളിക്കൊരുങ്ങുകയാണെന്നു മാണി ഗ്രൂപ്പ് കരുതുന്നു. ഒന്നുകില്‍ കോട്ടയം പിടിക്കുക, അതല്ലെങ്കില്‍ കോട്ടയം വിട്ടുകൊടുത്ത് ഇടുക്കി സീറ്റ് സ്വന്തമാക്കുക എന്നതാണു ജോസഫിന്റെ ലക്ഷ്യമെന്നാണ് അവര്‍ സംശയിക്കുന്നത്. മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ അതിനെതിരേ ഒരു ശബ്ദമുയരില്ലെന്ന് അവര്‍ക്കുറപ്പാണ്.

pathram:
Related Post
Leave a Comment