അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു; മീ ടൂവില്‍ വിശ്വാസമില്ലെന്ന് ഷക്കീല; കുട്ടികളെ പീഡിപ്പിക്കുന്നത് സഹിക്കാനാവില്ല

സിനിമയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മീ ടൂ ക്യാമ്പയിനെതിരേ നടി ഷക്കീല. പഴയ കാലത്ത് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ഇപ്പോള്‍ തുറന്നു പറയുന്ന മീ ടൂ ക്യാമ്പയിനില്‍ തനിക്ക് വിശ്വാസമില്ലെന്ന് നടി ഷക്കീല. തന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ്സു തുറന്നത്.

‘പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു. എനിക്കും ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ചു കാണിക്കുകയാണ് ഞാന്‍ ചെയ്തത്’ ഷക്കീല പറയുന്നു.

മലയാള സിനിമയില്‍ ഒരുപാട് അഭിനയിച്ചുവെങ്കിലും ഇന്ന് തനിക്ക് സിനിമയുമായി ബന്ധപ്പെട്ട ആരുമായി ബന്ധമില്ലെന്നും ഷക്കീല പറഞ്ഞു.

‘മലയാളത്തില്‍ എന്റെ സിനിമകള്‍ വിതരണം ചെയ്ത പലരും ഇന്ന് വലിയ പണക്കാരായി മാറി. എന്നാല്‍ അവര്‍ക്കാര്‍ക്കും എന്നെ ഓര്‍മയില്ല. സിനിമയില്‍ തുടക്കക്കാലത്ത് ഒരുപാട് ഭാഷകളില്‍ നിന്ന് അവസരങ്ങള്‍ ലഭിച്ചിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ലഭിച്ചത് മലയാളത്തില്‍ നിന്നാണ്. എനിക്ക് മലയാളം ഒട്ടും അറിയില്ലായിരുന്നു, കേരളത്തിലെ ഭക്ഷണവും ഇഷ്ടമായിരുന്നില്ല. കിന്നാരത്തുമ്പികള്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ്. എനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആഗ്രഹിച്ച വേഷങ്ങള്‍ ഒന്നും കിട്ടിയില്ല. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് വന്നപ്പോള്‍ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. നാല് വര്‍ഷം ഞാന്‍ ജോലിയില്ലാതെ ഇരുന്നു.’ ഷക്കീല പറഞ്ഞു.

കമല്‍ഹാസന്റെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഷക്കീല പറഞ്ഞു.

‘കമല്‍ സാറിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ നിലപാടുകളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തെ ഞാന്‍ ഉറ്റു നോക്കുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ഞാന്‍ പോരാടാന്‍ ആഗ്രഹിക്കുന്നത് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരേയാണ്. കൊച്ചു കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരോട് എനിക്ക് ക്ഷമിക്കാന്‍ സാധിക്കുകയില്ല. അത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉറങ്ങാന്‍ സാധിക്കാറില്ല’ ഷക്കീല കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment