ലോകകപ്പ് ടീം: ധോണിയും ഋഷഭ് പന്തും തമ്മില്‍ മല്‍സരം

ദുബൈ: ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ധോണിയ്ക്ക് മുന്നില്‍ വെല്ലുവിളിയായി ഋഷഭ് പന്ത്. ലോകകപ്പ് ടീമിന്റെ വാതില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു മുന്നില്‍ അടഞ്ഞിട്ടില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ മല്‍സരിക്കുന്നവരില്‍ ഋഷഭ് പന്തും ഉള്‍പ്പെടുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് പന്തിനു തുണയായത്. ഇതോടെ, ടീമിലേക്കു മടങ്ങിയെത്താന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണിയും ഋഷഭ് പന്തും തമ്മില്‍ മല്‍സരത്തിനും അരങ്ങൊരുങ്ങി.
ഓസ്‌ട്രേലിയയ്ക്കും ന്യൂസീലന്‍ഡിനെതിരുമായ ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍നിന്ന് ഋഷഭ് പന്തിനെ ഒഴിവാക്കിയതോടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ താരത്തിനുള്ള സാധ്യതകള്‍ അവസാനിച്ചതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ധോണിക്കു തന്നെയായിരിക്കും പ്രഥമ പരിഗണനയെന്ന് ടീം മാനേജ്‌മെന്റും എം.എസ്.കെ. പ്രസാദ് നേരിട്ടും പലതവണ വ്യക്തമാക്കിയിരുന്നു. ഇതോടെ, പന്തിന്റെ സാധ്യതകള്‍ അവസാനിച്ചതായി ആരാധകര്‍ കണക്കുകൂട്ടി.
എന്നാല്‍ ഓസീസിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റില്‍ സിഡ്‌നിയില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി വരവറിയിച്ച പന്ത്, ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്‍മാരില്‍ 17ാം സ്ഥാനത്തെത്തിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ഖ്യാതിയോടെയായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് പന്തിനും ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ടെന്ന ചീഫ് സിലക്ടറുടെ വെളിപ്പെടുത്തല്‍.
‘ലോകകപ്പിനുള്ള ടീമിലെ വിക്കറ്റ് കീപ്പര്‍മാരുടെ സ്ഥാനത്തേക്കു മല്‍സരിക്കുന്നവരില്‍ ഉറപ്പായും പന്തിനും ഇടമുണ്ട്. നിലവില്‍ നമ്മുടെ പരിഗണനയിലുള്ള മൂന്നുപേരും (എം.എസ്. ധോണി, ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത്) മികച്ച പ്രകടനമാണ് നടത്തുന്നത്. പന്തും നമ്മുടെ ലോകകപ്പ് പ്ലാനുകളുടെ ഭാഗമാണ്. അടുത്ത രണ്ട് ഏകദിന പരമ്പരകളില്‍നിന്ന് പന്തിന് വിശ്രമം അനുവദിച്ചത് ജോലിഭാരം കൂടി കണക്കിലെടുത്താണ്’ പ്രസാദ് പറഞ്ഞു.
‘ഈ ദിവസങ്ങളില്‍ വിശ്രമം അനുവദിക്കുന്ന ആദ്യത്തെ താരമല്ല പന്ത്. വെറും 21 വയസ്സു മാത്രം പ്രായമുള്ള പന്ത് അടുത്തിടെ മൂന്നു ട്വന്റി20 മല്‍സരങ്ങളും നാലു ടെസ്റ്റ് മല്‍സരങ്ങളും കളിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശ്രമം കൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. ഭേദമാകേണ്ട ചില പരുക്കുകളും പന്തിനുണ്ട്. അദ്ദേഹം കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ എനിക്കുണ്ട്’ പ്രസാദ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular