മൂന്ന് ഇന്ത്യക്കാര്‍ ബഹിരാകാശത്തേക്ക്; 10,000 കോടി രൂപ ചെലവില്‍ ഗഗന്‍യാന്‍ പദ്ധതി 2022ല്‍ നടപ്പാക്കും

ന്യൂഡല്‍ഹി: മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ലക്ഷ്യമിടുന്ന ഗഗന്‍യാന്‍ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. 10,000 കോടി രൂപ ചെലവാണ് ഇതിന് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. 2022നകം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് സ്വന്തമായി മനുഷ്യരെ അയയ്ക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

യുഎസ്എ, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഇതിനു മുന്‍പു ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ചിട്ടുള്ള മറ്റു രാജ്യങ്ങള്‍. കേന്ദ്ര ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല. ഇന്ത്യന്‍ വ്യോമസേന പൈലറ്റായിരുന്ന രാകേഷ് ശര്‍മയെ സോവിയറ്റ് യൂണിയന്റെ പങ്കാളിത്തത്തോടെയാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയച്ചത്. ഗഗന്‍യാന്‍ പദ്ധതി പ്രകാരം ഐഎസ്ആര്‍ഒ തനിച്ചാണ് ഇന്ത്യക്കാരെ ബഹിരാകാശത്തേക്കു വിടുന്നത്. ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് 3 ഉപയോഗിച്ചായിരിക്കും വിക്ഷേപണം.

ഏഴു ദിവസം ബഹിരാകാശത്തു തങ്ങാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 72ാം സ്വതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ബഹിരാകാശത്തേക്ക് മനുഷ്യരെ കയറ്റി അയയ്ക്കുന്ന സ്വപ്ന പദ്ധതി പ്രഖ്യാപിച്ചത്. മന്ത്രിസഭാ തിരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ടു കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണു പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നല്‍കിയ കാര്യം അറിയിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular