മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിനെതിരെ ബിജെപി-യുവമോര്‍ച്ചാ പ്രതിഷേധം

തിരുവനന്തപുരം: ശബരിമല ദര്‍ശനം നടത്താനെത്തി മലകയറാനാവാതെ തിരിച്ചിറങ്ങിയ ശേഷം മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിനെതിരെ ബിജെപി – യുവമോര്‍ച്ചാ പ്രതിഷേധം. മുത്തുലക്ഷി, യാത്ര, മീനാക്ഷി എന്നിവരാണ് ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് കഴിയാത്തതിനെ തുടര്‍ന്ന് ഇവര്‍ ഇന്ന് തിരിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവമോര്‍ച്ചാ സംഘം എത്തിയത്.
മുഖ്യമന്ത്രിയെ കാണണമെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസിന് അതിന് കഴിയില്ലെന്നും അവരോട് തന്നെ അപേക്ഷിക്കാനുമായിരുന്നു പൊലീസ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിനിടെ മുഖ്യമന്ത്രി തിരക്കിലാണെന്ന് അറിയിപ്പ് ലഭിച്ചു. ഇതേ തുടര്‍ന്നാണ് ഇവര്‍ തിരിച്ചുപോകാന്‍ തയ്യാറായത്. എന്നാല്‍ ഈസമയത്ത് വനിതകളടക്കമുള്ള യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ എത്തിചേരുകയായിരുന്നു.
അസഭ്യം നിറഞ്ഞ വാക്കുകളോടെയായിരുന്നു യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് മനിതി സംഘാംഗങ്ങളെ ട്രയിനില്‍ കയറ്റി ഡോറും ജനലുകളും അടക്കുകയായിരുന്നു. എന്നാല്‍ ഇവരെ പുറത്തിറക്കാതെ പിരിഞ്ഞു പോകില്ലെന്നും ട്രയിനെടുക്കാന്‍ അനുവദിക്കില്ലെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചില്ല. ഇതിനിടെ ട്രയിന്‍ സ്റ്റേഷന്‍ വിടുകയായിരുന്നു. ഇതിന് ശേഷം പ്രതിഷേധക്കാര്‍ റെയില്‍വേസ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7