മധ്യപ്രദേശില്‍ അന്തിമ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു: 114 സീറ്റുമായി കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷി

ഭോപ്പാല്‍: നീണ്ട അനശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശില്‍ അന്തിമ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 114 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബി.ജെ.പി 109 സീറ്റുകള്‍ നേടി. ബി.എസ്.പി രണ്ടിടത്തും സമാജ് വാദി പാര്‍ട്ടി ഒരിടത്തും ജയിച്ചുകയറി. നാലു സീറ്റുകളില്‍ സ്വതന്ത്രര്‍ക്കാണ് വിജയം.
തുടക്കം മുതല്‍ ഏറെ ഉദ്വേഗം നിറഞ്ഞതായിരുന്നു മധ്യപ്രദേശിലെ വോട്ടെണ്ണല്‍. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്തപ്പോള്‍ ബി.ജെ.പി. ഏറെ പിന്നിലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്ന സ്ഥിതിയെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. പലയിടത്തും രണ്ടാമതായിരുന്ന ബി.ജെ.പി കോണ്‍ഗ്രസിനെ പിന്നിലാക്കി ഒപ്പത്തിനൊപ്പം നിന്നു. ചൊവ്വാഴ്ച രാത്രിയായിട്ടും മധ്യപ്രദേശില്‍ ആര്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നതില്‍ ആകാംക്ഷ നിലനിന്നു. ഇതിനിടെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ അന്തിമഫലം പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കാനായിരുന്നു ഗവര്‍ണറുടെ മറുപടി.
കേവലഭൂരിപക്ഷത്തിന് 116 സീറ്റുകള്‍ വേണമെന്നിരിക്കെ ബി.എസ്.പി, എസ്.പി. എന്നിവരുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഇരുപാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതായി കമല്‍നാഥും പറഞ്ഞിരുന്നു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും മധ്യപ്രദേശിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ ബി.ജെ.പിക്ക് ഇത്തവണ 56 സീറ്റുകളാണ് നഷ്ടപ്പെട്ടത്. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിനും നഗരമേഖലയില്‍ ബിജെപിക്കുമാണ് മുന്നേറ്റം. ഗ്രാമങ്ങളിലാണ് കോണ്‍ഗ്രസിന് 95 സീറ്റുകള്‍ കിട്ടിയത്. ബി.ജെ.പിക്ക് ഗ്രാമീണ മേഖലയില്‍ 85 സീറ്റുകളാണുള്ളത്. നഗരങ്ങളില്‍ ബിജെപിക്ക് 25 മണ്ഡലങ്ങളും കോണ്‍ഗ്രസിന് 19 മണ്ഡലങ്ങളും ലഭിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular