കെ.ടി.സി. അബ്ദുല്ല അന്തരിച്ചു

കോഴിക്കോട്: നടന്‍ കെ.ടി.സി. അബ്ദുല്ല (82) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും. കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ചികില്‍സയിലായിരുന്ന അബ്ദുല്ല ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ശനിയാഴ്ച രാത്രി 8.30 ഓടെ മരണം സംഭവിച്ചു. പന്നിയങ്കര പാര്‍വതീപുരം റോഡിലെ സാജി നിവാസിലായിരുന്നു താമസം.

കോഴിക്കോട് കോട്ടപ്പറമ്പിനടുത്ത് െ്രെഡവര്‍ ഉണ്ണി മോയിന്റെയും ബീപാത്തുവിന്റെയും ഏക മകനായി ജനിച്ച അബ്ദുല്ലയ്ക്ക് ഹിമായത്തുല്‍ സ്‌കൂളിലും ഗണപത് ഹൈസ്‌കൂളിലും പഠിക്കുന്ന കാലത്തു തന്നെ നാടകങ്ങള്‍ ഏറെപ്രിയപ്പെട്ടതായിരുന്നു. റേഡിയോ നാടക രംഗത്തു എ ഗ്രേഡ് ആര്‍ട്ടിസ്റ്റായി അറിയപ്പെടുന്ന അബ്ദുല്ല സീരിയല്‍ നടനായും വേഷമിട്ടു.

1959ല്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ചേര്‍ന്നതോടെയാണ് കെ. അബ്ദുല്ല, കെടിസി അബ്ദുല്ലയായത്. സ്ഥാപകനായ പി.വി. സാമിയില്‍ തുടങ്ങിയ സൗഹൃദം മൂന്നാം തലമുറയിലും തുടര്‍ന്ന അദ്ദേഹം, അവരുടെ ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ മാത്രമല്ല, എല്ലാ സംരംഭങ്ങളിലും ഭാഗഭാക്കായി. അങ്ങനെയാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന പേരില്‍ കെടിസി ഗ്രൂപ്പ് സിനിമാ രംഗത്തേക്കു കടന്നപ്പോള്‍ അബ്ദുല്ല ആ വഴിക്കു തിരിഞ്ഞത്.1977ലെ സുജാത മുതല്‍ സുഡാനി ഫ്രം നൈജീരിയ വരെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

pathram:
Related Post
Leave a Comment