ബി.ജെ.പി ഓന്തിനെപ്പോലെ നിറംമാറുന്നു, ഇങ്ങനെ നുണ പറയരുതെന്നും കെ.സുധാകരന്‍

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കാര്‍ കാപട്യം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയനാടകം കളിക്കുകയാണ്. സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത്. ശ്രീധരന്‍പിള്ളയെപ്പോലെയുള്ള വലിയ മനുഷ്യര്‍ ഇങ്ങനെ നുണ പറയരുതെന്നും, ബി.ജെ.പി നിയമനിര്‍മാണം നടത്താന്‍ ശ്രമിച്ചില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ശബരിമല വിധിക്കെതിരെ നിയമനിര്‍മാണം നടത്തുന്നില്ല. ഇതാണ് ശബരിമലയുടെ ശാപം. ശബരിമല കേസില്‍ ബി.ജെ.പി ഓന്തിനെപ്പോലെ നിറംമാറുന്നവരാണ്. കേസിന്റെ തുടക്കംമുതല്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ശബരിമല യുവതീപ്രവേശനത്തിനായി കേസ് നല്‍കിയവരെല്ലാം ബി.ജെ.പി ബന്ധമുള്ളവരാണെന്നും കെ.സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടെന്നിരിക്കെ എന്തിനാണ് ബി.ജെ.പി രാഷ്ട്രീയനാടകം കളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular