സിദ്ദിഖിന്റെ പത്രസമ്മേളനം തിരിച്ചടിയായി; പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാതെ പരിഹരിക്കാന്‍ നീക്കം

കൊച്ചി: സംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീവ്രശ്രമങ്ങളുമായി നടീനടന്മാരുടെ സംഘടനയായ ‘അമ്മ’. ജനറല്‍ബോഡി യോഗം ഉടനെ വിളിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. പ്രസിഡന്റ് മോഹന്‍ലാലിനും ഈ അഭിപ്രായംതന്നെയാണെന്നാണ് സൂചന. ഡബ്ല്യു.സി.സി. ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് പിന്നാലെ വ്യത്യസ്ത നിലപാടുകളുമായി ജഗദീഷും സിദ്ദിഖും രംഗത്തുവന്നത് സംഘടനയുടെ പ്രതിച്ഛായ മോശമാക്കിയെന്നാണ് വിലയിരുത്തല്‍.

ജനറല്‍ബോഡി യോഗം വിളിക്കുന്നതിനോടുള്ള ഒരു വിഭാഗത്തിന്റെ എതിര്‍പ്പു മറികടക്കുകയാണ് ആദ്യ ചുവടെന്ന തിരിച്ചറിവിലാണ് നേതൃത്വം. ‘അമ്മ’യില്‍ പരാതിപരിഹാര സംവിധാനം വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി. ഹൈക്കോടതിയെ സമീപിച്ചത് ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. അത് നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ സംഘടനയ്ക്ക് ക്ഷീണമാകും. അതിനുമുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനാധിപത്യം നിലനില്‍ക്കുന്ന സംവിധാനമാണ് സംഘടനയെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

ഡബ്ല്യു.സി.സി.യുടെ പരാതികള്‍ പരിശോധിക്കണമെന്ന നിലപാടാണ് സംഘടനയ്ക്കുള്ളതെന്നായിരുന്നു വക്താവെന്ന നിലയില്‍ ജഗദീഷ് ഇറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ജഗദീഷ് വക്താവല്ലെന്നും വാര്‍ത്തക്കുറിപ്പിനെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞ് സിദ്ദിഖ് പത്രസമ്മേളനം നടത്തിയത്. നേതൃത്വം ചര്‍ച്ചചെയ്യാത്ത കാര്യങ്ങള്‍ മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവെക്കുന്നതായിരുന്നു സിദ്ദിഖിന്റെ പത്രസമ്മേളനമെന്ന വിലയിരുത്തലിലാണ് സംഘടന.

pathram:
Leave a Comment