സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകും; ഈ മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണെന്നും മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍. അവര്‍ ചെയ്യുന്ന മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണെന്നും അവര്‍ക്കു തന്നെ അറിയില്ല എന്താണെന്ന് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ സന്നിധാനത്ത് നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് എത്തിയ ആരോഗ്യവകുപ്പിലെ വനിതാ ഉദ്യോഗസ്ഥരെ ദേവസ്വം ഗാര്‍ഡ് പരിശോധിച്ചു. വനിതാ ഉദ്യോഗസ്ഥരുടെ പ്രായം അടക്കമുള്ള വിവരങ്ങള്‍ ദേവസ്വം ഗാര്‍ഡ് എഴുതിവെക്കുകയും ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തു.

അവലോകന യോഗത്തിനെത്തിയ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ജീവനക്കാരോടാണ് ഗാര്‍ഡുമാര്‍ രേഖകള്‍ ആവശ്യപ്പെട്ടത്. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന, വെക്ടര്‍ ബോണ്‍ ഡിസീസ് അഡീ. ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരെയാണ് നിലയ്ക്കലില്‍ പ്രായം പരിശോധിച്ചത്.

രണ്ട് ഉദ്യോഗസ്ഥര്‍ക്കും 50 വയസ്സിന് മുകളിലാണ് പ്രായം എന്ന കാര്യം വ്യക്തമായതിനു ശേഷമാണ് പ്രവേശിപ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുപ്രീം കോടതി വധി വരുന്നതിന് മുന്‍പുണ്ടായിരുന്ന പരിശോധനകള്‍ തുടരുകയാണ്. വിധിക്കു ശേഷവും ഇത്തരം പരിശോധന ആവശ്യമുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണെന്നും ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.

ഇതിനിടെ നിലയ്ക്കലില്‍ പൊലീസ് വിരട്ടിയോടിച്ച സമരക്കാര്‍ വീണ്ടും തിരിച്ചെത്തി. പൊലീസ് പൊളിച്ച പന്തല്‍ പുനഃസ്ഥാപിച്ചു . ചരിത്രപരമായ സുപ്രീംകോടതി വിധിക്കുശേഷം തുലാമാസ പൂജകള്‍ക്കായി ശബരിമല നട വൈകിട്ട് തുറക്കും. യുവതികളായ ഭക്തരെത്തിയാല്‍ അവര്‍ക്ക് സുരക്ഷയോരുക്കാന്‍ നിലയ്ക്കിലിലും പമ്പയിലും വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചു. ചില പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്ന് രാവിലെ നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടായി.

നിലയ്ക്കലിന്റെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യുവതികളുണ്ടോ എന്ന് പ്രതിഷേധക്കാര്‍ പരിശോധിക്കുന്നത് പൊലീസ് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നതില്‍ ദുഃഖമുണ്ടെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടര്‍ന്നുവന്നവരെ പുതിയ സാഹചര്യം വിഡ്ഢികളാക്കുന്നുവെന്നും അദ്ദേഹം സന്നിധാനത്ത് പറഞ്ഞു

യുവതികള്‍ ശബരിമലയിലെത്തിയാല്‍ ശബരിമല ദര്‍ശനം നിര്‍ത്തുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. യാതൊരുവിധ പ്രതിഷേധത്തിനും താനില്ല. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജീവത്യാഗം ചെയ്യേണ്ടിവന്നാലും വിഷമമില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, പമ്പയില്‍ പ്രതിഷേധസമരമോ ആരെയെങ്കിലും തടയുകയോ ചെയ്യില്ലെന്ന് ശബരിമല സംരക്ഷണ സേനാ നേതാവ് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഭക്തരുടെ പ്രാര്‍ഥനയും നാമജപവും മാത്രമാണ് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

pathram:
Leave a Comment