ദുബായിലേക്കു പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു: യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍

ചെന്നൈ: ദുബായിലേക്കു 136 പേരുമായി പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. വിമാനം പറന്നുയരുന്നതിനിടെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിന്റെ മതിലാണ് തകര്‍ത്തത്. 136 പേരാണു വിമാനത്തിലുണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ 1.19നാണു വിമാനത്തിന്റെ രണ്ടു പിന്‍ ചക്രങ്ങള്‍ റണ്‍വേയില്‍നിന്നു പറന്നുയരുന്നതിനിടെ മതിലില്‍ ഇടിച്ചത്. മതിലിന്റെ ഒരു ഭാഗം തകര്‍ന്നു വീണു.
ഉടന്‍ തന്നെ വിമാനത്താവള അധികൃതര്‍ വിഷയം പൈലറ്റിനെ അറിയിച്ചു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങളില്ലെന്നു വ്യക്തമായതിനെ തുടര്‍ന്നു വിമാനം മുംബൈയിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു. മുംബൈയില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. തുടര്‍ന്നു യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് അയച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. പൈലറ്റിനെയും സഹപൈലറ്റിനെയും ചുമതലകളില്‍നിന്ന് ഒഴിവാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

SHARE