തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന് നാടിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അന്തരിച്ച യുവ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പൊതുദര്‍ശനത്തിനു വച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും പരിചയക്കാരും അല്ലാത്തവരുമായി നിരവധിപ്പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരിക്കുന്നത്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.
ആരാധകരും സുഹൃത്തുക്കളും ബാലഭാസ്‌കര്‍ ജീവിതത്തിലേയ്ക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ അപ്രതീക്ഷിത വിടവാങ്ങല്‍. രണ്ടുദിവസമായി ആശുപത്രിയില്‍നിന്നു ശുഭസൂചനകള്‍ പുറത്തുവന്നിരുന്നതു പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ മലയാള സംഗീതലോകത്തെ കണ്ണീരിലാഴ്ത്തി ബാലഭാസ്‌കര്‍ മകള്‍ക്കൊപ്പം വിടപറഞ്ഞു.