രാജ്യാന്തര ചലച്ചിത്രമേള ചലച്ചിത്ര അക്കാദമി ഏറ്റെടുത്തു; ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) ചലച്ചിത്ര അക്കാദമി ഏറ്റെടുത്തു. മേള സ്വന്തംനിലയ്ക്കു സംഘടിപ്പിക്കുമെന്നു ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പറഞ്ഞു. നടത്തിപ്പിന് ആവശ്യമായ പണം സ്‌പോണ്‍സര്‍മാരിലൂടെ കണ്ടെത്തും. ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും. വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കും. എഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ ജൂറിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷം ആറരക്കോടി രൂപയാണു ചലച്ചിത്രമേളയ്ക്കു ചെലവായത്. ഇക്കുറി ചെലവ് മൂന്നരക്കോടിക്കുള്ളില്‍ നിര്‍ത്താനാണു ലക്ഷ്യമിടുന്നത്. ഡെലിഗേറ്റ് ഫീസ് കൂട്ടുന്നതോടെ രണ്ടുകോടി സമാഹരിക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍. ഡിസംബര്‍ 7 മുതല്‍ 13 വരെയാണു ചലച്ചിത്ര മേള.

പ്രളയക്കെടുതിയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട സംസ്ഥാനത്ത് സ്‌കൂള്‍ കലാകായികശാസ്ത്ര മേളകളും ചലച്ചിത്രമേളയും ഇത്തവണ നടത്തേണ്ട എന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ നിലപാട്. എന്നാല്‍, ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ സ്‌കൂള്‍ കലോത്സവവും കായികമേളയും ശാസ്ത്രമേളയും ആഘോഷങ്ങള്‍ ഒന്നുമില്ലാതെ നടത്താന്‍ നിശ്ചയിച്ചിരുന്നു. കുട്ടികളുടെ ഗ്രേസ്മാര്‍ക്ക് നഷ്ടമാകാതിരിക്കാനാണ് ഇത്തരത്തില്‍ തീരുമാനത്തില്‍ മാറ്റം വരുത്തുന്നതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

ഇതോടെ, ചലച്ചിത്രമേളയും നടത്തണമെന്ന് ആവശ്യം വീണ്ടും ശക്തമായി. ഇതിന് ചലച്ചിത്ര അക്കാദമി ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular