സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന പി.സി ജോര്‍ജിനെതിരെ വനിതകള്‍ പരസ്യമായി പ്രതികരിക്കണമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: പി.സി ജോര്‍ജിനെ എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് മാറ്റണമെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍. കന്യാസ്ത്രീയെ അപമാനിച്ച ജോര്‍ജിനെതിരെ കമ്മീഷന്‍ നല്‍കിയ പരാതി ജോര്‍ജുള്ള കമ്മിറ്റി പരിഗണിക്കരുത്. സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന ജോര്‍ജിനെതിരെ വനിതകള്‍ പരസ്യമായി പ്രതികരിക്കണമെന്നും ജോസഫൈന്‍ പറഞ്ഞു. സിസ്റ്റര്‍ ലൂസി കളപ്പുരയോട് സഭാ നേതൃത്വം വീണ്ടും പ്രതികാരം ചെയ്താല്‍ കമ്മീഷന്‍ ഇടപെടും. ലൂസിയുടെ പരാതി അവഗണിച്ച പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും ജോസഫൈന്‍ കോഴിക്കോട് പറഞ്ഞു.

അതേസമയം ബിഷപ് ഫ്രാങ്കോ കേസില്‍ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ ഇരയായ കന്യാസ്ത്രീ കോട്ടയം എസ്പിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പി.സി.ജോര്‍ജ് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി. പരാതി വൈക്കം ഡിവൈഎസ്പിക്ക് കൈമാറി. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് എസ്പി നേരത്തേ അറിയിച്ചിരുന്നു. ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്നും പരാതിയില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ ജോര്‍ജ് കന്യാസ്ത്രീയെ മോശം ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കെതിരെ മോശമായ ഭാഷയില്‍ പി.സി.ജോര്‍ജ് പ്രതികരിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സ്വമേധെയാ കേസെടുക്കാനാവുമോയെന്ന് പരിശോധിക്കാന്‍ ഡി.ജി.പി കോട്ടയം എസ്.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പേരെടുക്കാനാണെന്നും ജോര്‍ജ് പറഞ്ഞിരുന്നു. റോഡില്‍ കുത്തിയിരുന്ന പേരെടുക്കാന്‍ ആണ് ശ്രമം. സ്ത്രീസുരക്ഷാനിയമത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തെ അവഹേളിക്കാനും എംഎല്‍എ ശ്രമിച്ചു. വിവാദമായതോടെ പരാമര്‍ശം പിന്‍വലിച്ചെങ്കിലും കന്യാസ്ത്രീയോട് മാപ്പുപറയില്ലെന്ന നിലപാടിലായിരുന്നു ജോര്‍ജ്.

pathram desk 1:
Related Post
Leave a Comment