തന്റെ രക്തവും ഉമിനീരും അനുമതി ഇല്ലാതെ എടുത്തെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; ബിഷപ്പിനൊപ്പം ജയിലില്‍ കിടക്കാനും തയ്യാറെന്ന് മിഷണറീസ് ഓഫ് ജീസസ്!

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പോലീസിനെതിരെ പരാതിപ്പെട്ടു. തന്റെ രക്തവും ഉമിനീരും അനുമതി ഇല്ലാതെ എടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍ പറഞ്ഞു. അതേസമയം പൊലീസിന്റെ കസ്റ്റഡി അപേക്ഷ വിധി പറയാന്‍ മാറ്റി. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.

അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനൊപ്പം ജയിലില്‍ കിടക്കാനും തയ്യാറാണെന്ന് മിഷണറീസ് ഓഫ് ജീസസ് വ്യക്തമാക്കി. കോടതിയില്‍ കേസിനെ ശക്തമായി നേരിടുമെന്നും മാധ്യമങ്ങള്‍ ബിഷപ്പിനെ ക്രൂശിക്കുന്നുവെന്നും പി.ആര്‍.ഒ സിസ്റ്റര്‍ അമല പറഞ്ഞു.

അതേസമയം, മുളയ്ക്കലിന്റെ അറസ്റ്റിന് വഴിവെച്ചത് പൊലീസിന്റെ രണ്ടാം ഘട്ട തെളിവുശേഖരണവും ബിഷപ്പിന്റെ മൊഴിയുമാണെന്നാണ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം നിഷേധാത്മക നിലപാടു സ്വീകരിച്ച ബിഷപ്പിനെ മറുതെളിവുകള്‍ നിരത്തിയാണു രണ്ടാം ദിനം അന്വേഷണസംഘം നേരിട്ടത്. കന്യാസ്ത്രീയുടെ പരാതിക്കു കാരണം അച്ചടക്ക നടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും തെളിവുകള്‍ നിരത്തി പൊലീസ് തകര്‍ത്തു.

ചോദ്യം ചെയ്യല്‍ നേരത്ത് ബിഷപ്പ് ഉന്നയിച്ച പ്രധാന വാദങ്ങളെല്ലാം പൊളിച്ച് മറു തെളിവുകള്‍ നിരത്തിയാണ് പൊലീസ് ബിഷപ്പിനെ കുടുക്കിയത്. ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമല്ലാത്ത മറുപടിയാണ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയത്. 2017 മേയില്‍ അച്ചടക്കനടപടി എടുത്തതിനുള്ള പ്രതികാരമായാണു പരാതി നല്‍കിയതെന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍ എന്നാല്‍ 2016 സെപ്റ്റംബറില്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡനവിവരം തുറന്നുപറഞ്ഞതായി പൊലീസ് കണ്ടെത്തി. അന്ന് ഏതാനും വൈദികരോടും ഇക്കാര്യം പറഞ്ഞിരുന്നു.

കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് ഒപ്പമുണ്ടായിരുന്നു എന്നത് ആദ്യം ബിഷപ്പ് എതിര്‍ത്തിരുന്നെങ്കിലും തെളിവുകള്‍ കാട്ടി അന്വേഷണസംഘം അതും പൊളിച്ചു. ബിഷപ്പും കന്യാസ്ത്രീയും ബന്ധുവിന്റെ മാമോദിസാ ചടങ്ങിന് ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് പൊലീസ് തെളിവായി കാണിച്ചത്.

പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ താമസിച്ചിട്ടില്ലെന്നും അന്നു താമസിച്ചത് മുതലക്കോടം മഠത്തിലായിരുന്നുവെന്നും ബിഷപ്പ് വാദിച്ചു. എന്നാല്‍ കുറവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ ബിഷപ്പ് വന്നതിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തി. മുതലക്കോടം മഠത്തില്‍ ബിഷപ്പ് താമസിച്ചിതായി രേഖകളില്ല. അവിടെയുള്ള മുതിര്‍ന്ന കന്യാസ്ത്രീ ബിഷപ്പ് താമസിച്ചിട്ടില്ലെന്ന് മൊഴിയും നല്‍കി.

കന്യാസ്ത്രീ നല്‍കിയ ആദ്യ പരാതികളില്‍ ലൈംഗിക പീഡനം എന്നു പറഞ്ഞിട്ടില്ലെന്ന് തുടര്‍ന്ന് ബിഷപ്പ് വാദിച്ചു. എന്നാല്‍ ആദ്യ പരാതികള്‍ മറ്റൊരാള്‍ വഴിയാണു നല്‍കിയതെന്നു പറഞ്ഞ പൊലീസ് വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണു പീഡനകാര്യം മറച്ചുവച്ചതെന്നും മേലധികാരികളോടു പീഡനം നടന്നു എന്നു തുറന്നുപറഞ്ഞതായും വ്യക്തമാക്കി.

സ്വയം ഭരണസ്ഥാപനമായ മിഷനറീസ് ഓഫ് ജീസസിന്റെ ഭരണകാര്യങ്ങളില്‍ ജലന്തര്‍ രൂപത ഇടപെടാറില്ലെന്നു വാദിച്ച ബിഷപ്പ് താന്‍ ആത്മീയ ഗുരുമാത്രമായിരുന്നു എന്നും മദര്‍ ജനറാളിനാണ് പൂര്‍ണ ചുമതലയെന്നും പറഞ്ഞു. ഈ വാദവും പൊലീസ് പൊളിച്ചടുക്കി. കന്യാസ്ത്രീകള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും അതു സംബന്ധിച്ചു തനിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും കാണിച്ച് ബിഷപ്പ് മദര്‍ ജനറാളിന് അയച്ച കത്തും നടപടി വൈകിയപ്പോള്‍ മദര്‍ ജനറാളിനെ ഓര്‍മപ്പെടുത്തിയ കത്തും ഇതിനു തെളിവായി.

മൂന്നു ദിവസമായുള്ള 23 മണിക്കൂര്‍ ചോദ്യം ചെയ്യല്‍. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം നിരപരാധി എന്ന് ആവര്‍ത്തിച്ച ബിഷപ്പിനെ ഒടുവില്‍ ഈ തെളിവുകളും ചോദ്യങ്ങളും കൊണ്ടാണ് പോലീസ് തളച്ചത്.

തുടര്‍ന്ന് കേസ് വസ്തുതാപരമാണെന്നും ബിഷപ്പ് കുറ്റം ചെയ്തിട്ടുണ്ടെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിലേക്കു നീങ്ങിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 350 പ്രധാന ചോദ്യങ്ങളും 500 ഉപചോദ്യങ്ങളുമാണ് ബിഷപ്പിനോടു പൊലീസ് ചോദിച്ചത്.

pathram desk 1:
Leave a Comment