പ്രസവമുറിയില്‍ ഭര്‍ത്താവും ഒപ്പമുണ്ടാകും; സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി പ്രത്യേകം പ്രസവ മുറികളും

കൊച്ചി: പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് മാനസികപിന്തുണയേകാന്‍ പ്രസവമുറിയില്‍ കൂട്ടായി ഇനി ഭര്‍ത്താവും ഉണ്ടാകും. അമ്മയുടെ സ്വകാര്യത മാനിച്ചുതന്നെ ലോകോത്തര ശ്രദ്ധയും പരിചരണവും ലഭ്യമാക്കുന്ന ‘ലക്ഷ്യ’ പദ്ധതി ഈ വര്‍ഷം 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കും. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ആണ് പദ്ധതി ആദ്യമായി വരുക. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും എല്ലാ ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് ആശുപത്രികളിലും ഈ വര്‍ഷംതന്നെ പദ്ധതി നടപ്പാക്കും.

വിദേശരാജ്യങ്ങളിലുംമറ്റും പ്രസവമുറിയില്‍ ജീവിതപങ്കാളിയുടെ സാന്നിധ്യം അനുവദിക്കാറുണ്ട്. ഇത് സ്ത്രീകളെ മാനസിക പിരിമുറുക്കത്തില്‍നിന്ന് രക്ഷിക്കുകയും പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ‘സ്ത്രീ സ്വകാര്യതയെ മാനിച്ചുള്ള പ്രസവം’ സാധ്യമാക്കാന്‍ പദ്ധതി നടപ്പാക്കുന്ന ആശുപത്രികളില്‍ പ്രസവ വാര്‍ഡിനുപകരം ആധുനിക സൗകര്യങ്ങളോടെയുള്ള വ്യക്തിഗത പ്രസവമുറികളുണ്ടാകും. ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അനുഭാവപൂര്‍വമുള്ള പരിചരണം ഉറപ്പാക്കും. പ്രസവസമയത്തെ ‘നിര്‍ബന്ധിത കിടത്തി ചികിത്സ’ പോലുള്ള സമ്ബ്രദായങ്ങള്‍ പഴങ്കഥയാകും. അമ്മയ്ക്ക് ആശ്വാസദായകമായ രീതിയില്‍ കിടക്കുകയോ ഇരിക്കുകയോ ചെയ്യാനുള്ള സൗകര്യം പ്രസവമുറിയില്‍ ലഭ്യമാക്കും. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

pathram:
Leave a Comment