താന്‍ വിജിലന്‍സില്‍ പോയ ശേഷം ഉന്നതര്‍ക്കെതിരായ കേസുകള്‍ കൂട്ടത്തോടെ എഴുതി തളളി, ബാര്‍ കോഴക്കേസ് അട്ടിമറിക്കുകയാണ്: ജേക്കബ് തോമസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരെ തെളിവുകളുണ്ടായിരുന്നുവെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടറായിരുന്ന ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തളളിയ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതി കുറ്റം ചെയ്തു, പ്രോസിക്യൂട്ട് ചെയ്യണം എന്നായിരുന്നു 2015 ലെ റിപ്പോര്‍ട്ട്. അത് അട്ടിമറിച്ചവര്‍ക്ക് പാരിതോഷികവും കിട്ടി. താന്‍ വിജിലന്‍സില്‍ പോയ ശേഷം ഉന്നതര്‍ക്കെതിരായ കേസുകള്‍ കൂട്ടത്തോടെ എഴുതി തളളിയെന്നും ജേക്കബ് തോമസ് പറഞ്ഞു.

കോഴക്കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കാന്‍ കാത്തിരിക്കെയാണ് തന്നെ കൊണ്ട് നിര്‍ബന്ധിത അവധി എടുപ്പിച്ചതെന്ന് ജേക്കബ് തോമസ് ആരോപിച്ചു. 2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ബാര്‍ കോഴക്കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ പറഞ്ഞു.

ബാര്‍ കോഴക്കേസ് വിജിലന്‍സ് എസ്പിയായിരുന്ന സുകേശന്‍ ശരിയായ രീതിയിലാണ് കേസ് അന്വേഷിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അഴിമതി കേസുകള്‍ കൂട്ടത്തോടെ എഴുതിതളളുകയാണെന്നും ബാര്‍ കോഴക്കേസ് അട്ടിമറിച്ചവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ പാരിതോഷികമായി ലഭിച്ചുവെന്നും ജേക്കബ് തോമസ് ആരോപിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular