കൊച്ചി:പ്രളയദുരിതത്തില്‍ പെട്ട കേരളത്തിന് കൈത്താങ്ങാകാന്‍ സംവിധായകനും നടനും നൃത്തസംവിധായകനുമായ ലോറന്‍സ് രാഘവ ഒരു കോടി രൂപ സംഭാവന ചെയ്യും. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചതാണ് ഈ വിവരം.
”പ്രിയപ്പെട്ട സുഹൃത്തുക്കളേ, ആരാധകരേ, കേരളത്തിനായി ഒരു കോടി രൂപ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. വെള്ളപ്പൊക്കത്തില്‍ കേരളം നാശനഷ്ടങ്ങളെ നേരിടുന്നു എന്നും അവിടുത്തെ ആളുകള്‍ സങ്കടത്തിലാണ് എന്നും കേട്ട് ഞാന്‍ മനസ്സ് തകര്‍ന്നിരിക്കുകയാണ്. അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരെ പോലെയാണ്.
നേരിട്ട് ചെന്ന് വേണ്ട സഹായങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും കേരളത്തിലേക്കുള്ള യാത്രയും ദുരിത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുക എന്നതും എളുപ്പമല്ല, എല്ലാം ഒന്ന് ശമിക്കുന്നത് വരെ കാക്കണം എന്നും വിവരം കിട്ടി. ഇപ്പോള്‍ മഴ കുറഞ്ഞിട്ടുണ്ട്. ഏതു പ്രദേശത്താണ് കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടായത് എന്നത് സര്‍ക്കാരിനു അറിയാം എന്നതു കൊണ്ട് കേരള സര്‍ക്കാര്‍ വഴി സഹായം എത്തിക്കാന്‍ തീരുമാനിച്ചു.
നാളെ (ശനിയാഴ്ച) കേരള മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ സമയം കിട്ടിയിട്ടുണ്ട്. എന്റെ സംഭാവന അദ്ദേഹത്തിനു നല്‍കാനും വേണ്ടയിടത്ത് വേണ്ട പോലെ അത് ഉപയോഗിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെടും. കേരളത്തിന് വേണ്ടി കൈയ്യയച്ച് സംഭാവന ചെയ്തവരും ഇനി ചെയ്യാനിരിക്കുന്നവര്‍ക്കും എന്റെ നന്ദി. കേരളം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി ഞാന്‍ രാഘവേന്ദ്ര സ്വാമികളോട് പ്രാര്‍ഥിക്കുന്നു”, ലോറന്‍സ് രാഘവ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ലോറന്‍സ് രാഘവ മികച്ച കൊറിയോഗ്രാഫര്‍ കൂടിയാണ്. ചെറുപ്പത്തില്‍ തന്നെ ബാധിച്ച ബ്രെയിന്‍ ട്യൂമറിനെ മറികടന്ന ലോറന്‍സ്, കുട്ടികള്‍ക്കായുള്ള ചികിത്സ ഉള്‍പ്പടെയുള്ള സാമൂഹ്യ സേവനങ്ങളില്‍ സജീവമാണ്.
Leave a Comment