വെണ്ടയ്ക്ക കിലോയ്ക്ക് 150 രൂപ; പച്ചമുളകിന് 400; കൊള്ള നടത്തിയ കട അടപ്പിച്ചു; സാധനങ്ങള്‍ ദുരിതാശ്വാസ ക്യാംപിലേക്ക്

കൊച്ചി: കേരളം പ്രളയക്കെടുതിയെ അതിജീവിച്ചു വരുന്നതിനിടെ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ കടക്കാരന് പണി കിട്ടി. എറണാകുളം ഇടപ്പള്ളിയില്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് അമിതവിലയീടാക്കിയ കടയടപ്പിച്ച് ആവശ്യ സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാറ്റി. എറണാകുളത്തെ മാര്‍ക്കറ്റുകളില്‍ ജനങ്ങളും കച്ചവടക്കാരും തമ്മില്‍ സംഘര്‍ഷം നടന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലടക്കം വന്‍ വിലയാണ് ആവശ്യവസ്തുക്കള്‍ക്ക് ഈടാക്കുന്നത്. ഇതില്‍ തന്നെ പച്ചക്കറികള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിലയിടാക്കുന്നത്.

ബ്രോഡ്‌വെ, എറണാകുളം ഹൈകോര്‍ട്ട് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ വില കൂട്ടി വില്‍ക്കുന്നത്. വഴിയോര കച്ചവടക്കാരും അമിതവില ഈടാക്കിയാണ് വില്‍ക്കുന്നത്. പലയിടങ്ങളിലും ഒരു കുപ്പി വെള്ളത്തിന് 20 രൂപയ്ക്ക് പകരം മുപ്പത്, മുപ്പത്തിയഞ്ചു രൂപ ഈടാക്കുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വെണ്ടയ്ക്ക കിലോ 150 രൂപ, കാബേജ് 200 രൂപ, പച്ചമുളക് 400 രൂപ എന്നിങ്ങനെയാണ് ഈടാക്കികൊണ്ടിരുന്നത്. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നു എറണാകുളത്തെ കടകളിലെ വിലകുറപ്പിച്ചു. പൊലീസ് ഇടപെട്ടപ്പോള്‍ 400 രൂപയുടെ പച്ചമുളകിന്റെ വില ഒറ്റയടിക്ക് 150 രൂപയായി കുറയ്ക്കാന്‍ കച്ചവടക്കാര്‍ തയ്യാറായി.

അമിത വിലയീടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഭക്ഷ്യവസ്തുകള്‍ക്കു അമിത വിലയീടാക്കി വില്‍ക്കുന്നത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

അമിതമായി വില ഈടാക്കുന്നുണ്ടോ എന്ന് ലീഗല്‍ മെട്രോളജി വകുപ്പ് കൊച്ചിയില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എവിടെയെങ്കിലും അമിതവില ഈടാക്കിയാല്‍ പോലീസിനെയോ, ബന്ധപ്പെട്ട വകുപ്പിനെയൊ അറിയിക്കുവാന്‍ ജനങ്ങള്‍ക്കു നിര്‍ദ്ദേശമുണ്ട്.
നാലുദിവസമായി പാലക്കാട് നിന്നും മറ്റും ലോറികള്‍ എത്താത്തതിനെ തുടര്‍ന്ന് പല കടകളിലും ആവശ്യത്തിനു സാധനങ്ങള്‍ സ്‌റ്റോക്കില്ലാത്ത സാഹചര്യമുണ്ട്. ദുരിതാശ്വാസ ക്യാമ്പിലേക്കു ആവശ്യവസ്തുക്കള്‍ ധാരാളമായി വേണ്ടിവന്നതും നഗരത്തിലെ സ്‌റ്റോക്ക് കുറയ്ക്കാന്‍ ഇടയാക്കി.

ഇതെ തുടര്‍ന്ന് ഇന്നലെ കൊല്ലം ഭാഗത്തുനിന്നും പച്ചക്കറി കൊണ്ടുവന്നാണ് കൊടിയ വില ഈടാക്കുന്നത്. എങ്കിലും മിക്കകടകളിലും പച്ചക്കറികള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. എന്നാല്‍ റോഡ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചതിനാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular