പ്രളയക്കെടുതിയില്‍പ്പെട്ട് സിനിമാ താരങ്ങള്‍… ധര്‍മ്മജന്‍ ഭാര്യ വീട്ടിലേക്ക് മാറി, സഹായം അഭ്യര്‍ത്ഥിച്ച് അനന്യ, ജയറാമും കുടുംബവും ഗതാഗതക്കുരുക്കില്‍ കുടുങ്ങി

കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ട് സ്വപ്‌ന വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത ഇടംതേടി മലയാളം സിനിമാ താരങ്ങള്‍. ധര്‍മജന്‍,ജോജു, അനന്യ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. മല്ലിക സുകുമാരനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.

കുതിരാനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ നടന്‍ ജയറാമിനെയും കുടുംബത്തെയും വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോയമ്പത്തൂരിലെ ബന്ധു വീട്ടില്‍ നിന്നു വീട്ടിലേക്കു മടങ്ങവെയാണു വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. മൂന്നു മണിക്കൂറോളം കുരുക്കില്‍ പെട്ട ഇവരെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ജയറാമിനൊപ്പം ഭാര്യ പാര്‍വതിയും മകള്‍ മാളവികയും ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെ കാറില്‍ കൊച്ചിയിലെ വീട്ടിലേക്കു തിരിച്ചു.

പ്രളയത്തില്‍നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവെച്ച് ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടിയും ഫെയ്സ്ബുക്കിലെത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെട്ടെന്നും ഇപ്പോള്‍ ഭാര്യയുടെ വീട്ടിലാണെന്നും ധര്‍മജന്‍ വ്യക്തമാക്കി. ”വൈകുന്നേരം വരെ രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു, എറ്റവും അവസാനമാണ് ഞാനും കുടുംബവും രക്ഷപ്പെട്ടത്. രണ്ടു വഞ്ചികള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നത്. അവസാനമായപ്പോള്‍ വഞ്ചി വരാതായി. വൈദ്യുതി സംവിധാനങ്ങളൊക്കെ നിലച്ചുപോയി. വെള്ളം നോക്കി കൊണ്ടിരിക്കുമ്പോള്‍ കൂടികൊണ്ടിരിക്കുന്ന അവസ്ഥ. മുറ്റത്തേക്കിറങ്ങിയാല്‍ കഴുത്തറ്റം വരെ വെള്ളം,” ധര്‍മജന്‍ തന്റെ അനുഭവം വിവരിച്ചു. അനുഭവിക്കുമ്പോഴാണ് നമുക്ക് അതിന്റെ വേദന മനസ്സിലാകുകയുള്ളുവെന്നും ഇനിയും പെട്ടുകിടക്കുന്നവരെ രക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കാമെന്നും ധര്‍മജന്‍ പറഞ്ഞു. സഹായമഭ്യര്‍ത്ഥിച്ച് വിളിച്ച് എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ അഭയം നല്‍കാമെന്നു ടൊവീനോ തോമസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ‘ഞാന്‍ ഇരിങ്ങാലക്കുടയില്‍ എന്റെ വീട്ടില്‍ ആണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളെ പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന ഒറ്റപ്രശ്നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവു ചെയ്തു ദുരുപയോഗം ചെയ്യരുതെന്നു അപേക്ഷ.’ ടൊവീനോ തോമസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ആലുവയിലാണ് ദിലീപിന്റെ വീട്. ആലുവ മുഴുവന്‍ മുങ്ങി. ഇതിനിടയില്‍ ദിലീപിന്റെ വീട്ടിനടുത്ത് വരെ വെള്ളമെത്തി. എന്നാല്‍ ദിലീപിന്റെ വീട്ടില്‍ വെള്ളം കയറിയതുമില്ല. ചലച്ചിത്ര താരം മല്ലികാ സുകുമാരനെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വീട്ടില്‍ വെള്ളം കയറിയ വീഡിയോ ചലച്ചിത്ര താരം ജോജു ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തു. ആളുകള്‍ പ്രദേശത്തു നിന്നു മാറിത്തുടങ്ങിയതായും പുഴപോലെയാണ് വീടിനു സമീപം വെള്ളമെന്നും ജോജു അറിയിച്ചു.

pathram desk 1:
Leave a Comment