മദ്യത്തെക്കാള്‍ വലിയ ലഹരി ലാല്‍സാറിന്റെ സന്തോഷം; ആയിരം കഥയെങ്കിലും ലാല്‍ സാര്‍ ഒരുവര്‍ഷം കേള്‍ക്കാറുണ്ട്; അവസരം കിട്ടാത്തവര്‍ എന്നെ കുറ്റം പറയും: ആന്റണി പെരുമ്പാവൂര്‍

നടന്‍ മോഹന്‍ ലാലിന്റെ സന്തതസഹചാരിയും ഡ്രൈവറും നിര്‍മ്മാതാവുമാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനൊപ്പം ചേര്‍ന്നതോടെ ഉയര്‍ച്ചയില്‍നിന്ന് ഉയര്‍ച്ചയിലേക്ക് ആണ് ആന്റണിയുടെ ജീവിതം പോയത്. മോഹന്‍ലാലിന്റെ പുതിയ സാഹചര്യങ്ങളെ കുറിച്ച് വിവരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. ഒരു വര്‍ഷം ചുരങ്ങിയത് ആയിരം കഥയെങ്കിലും മോഹന്‍ലാല്‍ കേള്‍ക്കാറുണ്ടെന്നും ചെയ്യുന്നത് മൂന്നോ നാലോ സിനിമകള്‍ മാത്രമാണെന്നും ആന്റണി പറഞ്ഞു. താന്‍ കഥ കേള്‍ക്കാറുണ്ടെന്നും വിജയിക്കുമെന്ന് തോന്നുന്ന കഥകള്‍ കേള്‍ക്കാന്‍ ലാല്‍ സാറിനോട് പറയാറുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മലയാള മനോരമയുടെ വാര്‍ഷികപതിപ്പില്‍ എഴുതിയ ആത്മകഥയിലാണ് ആന്റണി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ചില കഥകള്‍ വേണ്ടാ എന്ന് ലാല്‍സാര്‍ ചിലപ്പോള്‍ പറയാറുണ്ട്. എത്രയോ കഥകള്‍ അദ്ദേഹം നേരിട്ട് കേള്‍ക്കാറുണ്ട്. താന്‍ വേണ്ടെന്ന് പറഞ്ഞാലും നമുക്ക് ചെയ്യാമെന്ന് ലാല്‍ സാര്‍ പറയാറുണ്ടൈന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കുന്നു.

എത്ര നല്ല കഥയായാലും ഒരു വര്‍ഷം ഇത്രയധികം സിനിമകളില്‍ അഭിനയിക്കാന്‍ ആകില്ലല്ലോ. അതുകൊണ്ടുതന്നെ അവസരം കിട്ടാത്ത കുറെപ്പേര്‍ ആന്റണിയെ കുറ്റംപറയും. ഞാനാണത് മുടക്കിയതെന്ന് പറയും. നിര്‍മ്മാതാവ് എന്ന നിലയില്‍ കഥ കേള്‍ക്കാന്‍ എനിക്ക് അര്‍ഹതയില്ലേ പണമിറക്കുന്ന ആള്‍ക്ക് ഒരു സിനിമ വേണോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അര്‍ഹതയുണ്ട്. വേറെ ഏത് നിര്‍മ്മാതാവിന് മുന്നിലും കഥ പറയാം. ആന്റണിക്ക് മുന്നില്‍ പറ്റില്ല എന്ന് പറയുന്നതിന് ഒരു കാര്യമേയുളളൂ. ആന്റണി െ്രെഡവറായിരുന്നു എന്നത് തന്നെ. ലാല്‍ സാറിന്റെ വിജയപരാജയങ്ങള്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന സിനിമയുടെ കഥകള്‍ കേള്‍ക്കാന്‍ എനിക്ക് അധികാരമില്ല എന്ന് പറയേണ്ടത് ലാല്‍ സാര്‍ മാത്രമാണ്.

താന്‍ മദ്യപിച്ചിരുന്ന ആളായിരുന്നുവെന്നും അത് നിര്‍ത്താനുണ്ടായ സാഹചര്യങ്ങളും ആന്റണി വിശദീകരിക്കുന്നുണ്ട്. ആദ്യകാലത്ത് ലാല്‍സാറിനെ കിട്ടാതെ വരുമ്പോള്‍ എല്ലാവരും തന്നെയാണ് വിളിക്കുക. വലിയ വലിയ ആളുകള്‍ വിളിക്കുമ്പോള്‍ നാക്കുകുഴഞ്ഞ് സംസാരിച്ചാല്‍ അത് ലാല്‍സാറിന് ചീത്തപ്പേരാകുമെന്ന് തോന്നി.

മിക്കപ്പോഴും രാത്രിയാണ് ഡ്രൈവിങ്. ആ സമയത്ത് കഴിക്കാനാകില്ല. അതോടെ നിര്‍ത്താന്‍ തീരുമാനിച്ചു. തനിക്ക് മദ്യത്തെക്കാള്‍ വലിയ ലഹരി ലാല്‍സാറിന്റെ സന്തോഷമായിരുന്നു. മദ്യപിച്ചിരുന്നെങ്കില്‍ ഇത്രത്തോളം എത്തില്ലെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്.

ഭാര്യ ശാന്തി ഒരിക്കല്‍ ചോദിച്ചു, ലാല്‍സാറും ചേട്ടനും ഞാനുമുള്ളൊരു വളളം മുങ്ങിയാല്‍ ചേട്ടന്‍ ആദ്യം ആരെ രക്ഷിക്കുമെന്ന്. വളളം മുങ്ങുമ്പോള്‍ തീരുമാനിക്കാമെന്ന മറുപടിയാണ് അന്ന് കൊടുത്തതെന്നും ആന്റണി പെരുമ്പാവൂര്‍ ഓര്‍മ്മിക്കുന്നു.

ആരെന്ത് പറഞ്ഞാലും ഞാന്‍ ആ മനുഷ്യന് വേണ്ടി ജീവിക്കും. ലോകം കാണാന്‍ കൊതിക്കുന്ന ഒരു മനുഷ്യന്റെ നിഴല്‍ ഞാനാണെന്നതില്‍ അഭിമാനിക്കുന്നു. ഞാന്‍ ഡ്രൈവറായ ആന്റണി മാത്രമാണ്. അതിലപ്പുറം ഒന്നും ആകുകയും വേണ്ട. പ്രാര്‍ത്ഥിക്കുമ്പോള്‍ കര്‍ത്താവിന്റെ മുഖത്തോടൊപ്പം പലതവണ ലാല്‍ സാറിന്റെ മുഖം കണ്ടിട്ടുണ്ട്. ഇത് എന്റെ നെഞ്ചില്‍ കൈവെച്ച് പറയുന്നതാണ്. ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. അതാണെനിക്ക് ലാല്‍ സാര്‍. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറും.
ആന്റണിയില്‍ നിന്ന് ആന്റണി പെരുമ്പാവൂരിലേക്കുളള തന്റെ യാത്ര മോഹന്‍ലാലിന്റെ ദാനമാണെന്നും കാറിലും ജീവിതത്തിലും പുറകില്‍ അദ്ദേഹമുണ്ടെന്ന ധൈര്യമാണ് ഇവിടം വരെ എത്തിച്ചതെന്നും അദ്ദേഹം പറയുന്നു.

pathram:
Related Post
Leave a Comment