കാസര്‍കോട്: ഉപ്പളയ്ക്കടുത്ത് യുവാവായ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. പ്രതാപ് നഗര്‍ സോങ്കാലില്‍ അംബേദ്കര്‍ ക്ലബ്ബിനുസമീപം സോങ്കാലിലെ അബ്ദുള്ളയുടെ മകന്‍ സിദ്ദിഖാ(25)ണ് മരിച്ചത്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബൈക്കില്‍വന്ന സംഘമാണ് സിദ്ദിഖിനെ കുത്തിയതെന്നുപറയുന്നു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍, കുമ്പള സി ഐ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സി.പി.എം. ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.