കേരളത്തിനോടുള്ള അവഗണനയ്ക്ക് പിന്നില്‍ മലയാളി മന്ത്രിയെന്ന് പിണിറായി; കീഴാറ്റൂരിലെ കേന്ദ്ര ഇടപെടല്‍ തെറ്റ്

തിരുവനന്തപുരം: കേരളത്തിനോടുള്ള അവഗണനയ്ക്ക് മലയാളിയായ മന്ത്രിയും കൂട്ടിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെട്ടതു തെറ്റായ നടപടിയെന്നും മുഖ്യമന്ത്രി. കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണ്. ഫെഡറലിസത്തിന് എതിരായ നടപടി കേന്ദ്ര, സംസ്ഥാന ബന്ധം തകര്‍ക്കുന്നതാണ്. കേരളത്തില്‍ റോഡ് വികസനം തടയാന്‍ ആര്‍എസ്എസ് സംഘടനാപരമായി ഇടപെടുന്നുവെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തിലെ സാങ്കേതികവശം പഠിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കുെമന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. ബദല്‍പാതയടക്കം സമിതി പരിശോധിക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയതായും കണ്ണന്താനം വ്യക്തമാക്കി. ബിജെപി നേതാക്കളും വയല്‍ക്കിളി സമരസമിതി പ്രവര്‍ത്തകരും ഗഡ്കരിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. സമരസമിതി നേതാക്കള്‍ നല്‍കിയ നിവേദനം വിദഗ്ധസംഘം പരിശോധിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല. തുരുത്തി, വേളാപുരം എന്നിവിടങ്ങളിലെ പ്രശ്‌നങ്ങളും സംഘം പരിശോധിക്കും.

അതേസമയം നിലവിലെ റോഡില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്ന ആവശ്യം ഗഡ്കരി തള്ളി. മേല്‍പ്പാലം പ്രായോഗികമല്ലെന്നാണു കേന്ദ്രത്തിന്റെ വാദം. പ്രകൃതിയെ നശിപ്പിക്കാതെ റോഡ് വികസനം വേണമെന്നാണ് ആവശ്യമെന്നും വിദഗ്ധസംഘം വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular