താന്‍ കെട്ടിപ്പിടിക്കുമോയെന്ന ആശങ്കയില്‍ ബി.ജെ.പി എം.പിമാര്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: താന്‍ കെട്ടിപ്പിടിക്കുമോ എന്ന ആശങ്കയില്‍ ബിജെപി എംപിമാര്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ എതിരാളികളോട് വെറുപ്പ് അവശ്യമില്ലെന്നു പറഞ്ഞ രാഹുല്‍ വ്യക്തികളെയല്ല അവരുടെ രാഷ്ട്രീയത്തെയാണ് താന്‍ എതിര്‍ക്കുന്നതെന്നും പറഞ്ഞു. കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ് ദ അണ്‍റ്റോള്‍ഡ് സ്റ്റോറി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

വേദിയില്‍ ബിജെപി നേതാവ് എല്‍കെ അദ്വാനിയും ഉണ്ടായിരുന്നു. ‘ഞങ്ങള്‍ ഇരുവര്‍ക്കും ഇന്ത്യയെന്ന ആശയത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ വെറുക്കില്ല. ആലിംഗനം ചെയ്യും. എതിരാളികളോട് വെറുപ്പ് ആവശ്യമില്ല. വ്യക്തികളെയല്ല അവരുടെ രാഷ്ട്രീയത്തെയാണ് എതിര്‍ക്കുന്നത്. താന്‍ കെട്ടിപിടിക്കുമോയെന്ന ആശങ്കകൊണ്ട് ബിജെപി എംപിമാര്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുകയാണ്. രാഷ്ടരീയ എതിരാളികളോട് വെറുപ്പ് ആവശ്യമില്ല’ രാഹുല്‍ പറഞ്ഞു.

ലോക്സഭയില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി രാഹുല്‍ രംഗത്ത് വന്നിരിക്കുന്നത്.

pathram desk 1:
Leave a Comment