രാമായണ മാസാചരണം; കോണ്‍ഗ്രസ് പിന്‍വാങ്ങുന്നു; ചെന്നിത്തലയ്ക്കും തരൂരിനും തിരിച്ചടി

തിരുവനന്തപുരം: രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്. ഇന്നലെ കെ. മുരളീധരന്‍ എംഎല്‍എയും ഇന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന രാമായണ മാസാചരണത്തിനെതിരെ രംഗത്ത് വന്നിരുന്നു. കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ രാമായണം നമ്മുടേതാണ് നാടിന്റെ നന്മയാണ് എന്ന പേരില്‍ കര്‍ക്കിടക മാസം ഒന്നാംതിയതി തിരുവനന്തപുരം തൈക്കാട് ഗാന്ധി ഭവനില്‍ പരിപാടി നടത്താനായിരുന്നു നീക്കം. അതിനിടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പരിപാടി ഉപേക്ഷിച്ചത്.

നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ലെന്നും ബിജെപിയെ നേരിടാനുളള യഥാര്‍ത്ഥ മാര്‍ഗം ഇതല്ലെന്നും ഇന്നലെ കെ. മുരളീധരന്‍ പറഞ്ഞിരുന്നു. രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്നും ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും പിന്നാലെ സുധീരനും വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എന്നിവരാണ് വിചാര്‍ വിഭാഗ് നടത്തുന്ന രാമായണ മാസാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തില്‍ ഊന്നിയുളള പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് വിചാര്‍ വിഭാഗ് സംസ്ഥാന ചെയര്‍മാന്‍ പ്രൊഫ. നെടുമുടി ഹരികുമാറും നേരത്തെ വ്യക്തമാക്കിയിരുന്നു.

സിപിഎം അനുഭാവികളുടെ നിയന്ത്രണത്തിന്‍ കീഴിലുളള സംസ്‌കൃത സംഘമെന്ന സംഘടന രാമായണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മിന് ഇതുമായി ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular