വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും എങ്ങനെ തിരിച്ചറിയാം; ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വാട്‌സ്ആപ്പ്

വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെയും വ്യാജ സന്ദേശങ്ങളേയും തിരിച്ചറിയാന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ പുതിയ വഴികളുമായി വാട്‌സ് ആപ്പ്. ഇന്ത്യയിലെ പ്രമുഖ പത്രമാധ്യമങ്ങളില്‍ ഫുള്‍ പേജ് പരസ്യം നല്‍കിയാണ് വാട്സ്ആപ്പ് വ്യാജവാര്‍ത്തകളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കിയത്.

വാട്സ്ആപ്പിലൂടെയുള്ള വ്യാജവാര്‍ത്തകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ആത്മഹത്യയ്ക്കും കാരണമായിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാജവാര്‍ത്തകള്‍ തടയുവാന്‍ എത്രയും പെട്ടന്ന് വഴികള്‍ കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്സ്ആപ്പിനോടു നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വടക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന പത്രങ്ങളുടെ പിന്‍ പേജില്‍ പരസ്യ രൂപത്തില്‍ വാട്സ്ആപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയത്.

വാട്സ്ആപ്പിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

1. ഫോര്‍വേര്‍ഡ് ചെയ്യുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ പുതിയ സംവിധാനം ഈ ആഴ്ച കൊണ്ടുവരുന്നു. സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിനു മുമ്പ് അതിന്റെ ഉറവിടവും സത്യാവസ്ഥയും തിരിച്ചറിയണം.

2.നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ സന്ദേശങ്ങള്‍ ഷെയറു ചെയ്യാതെ ഇരിക്കുക. അവ മറ്റുള്ളവര്‍ക്കും അതേ വികാരമാണ് സൃഷ്ടിക്കുന്നത്.

3. ലഭിക്കുന്ന സന്ദേശങ്ങള്‍ അവശ്വസനീയമെന്ന് തോന്നിയാല്‍ അവ തെറ്റോ ശരിയോ എന്ന് മറ്റ് വഴികളിലൂടെ പരിശോധിക്കണം
വ്യാജ വാര്‍ത്തകളിലും സന്ദേശങ്ങളിലും പലപ്പോഴും അക്ഷരത്തെറ്റുകളുണ്ടാകും. ഇത് വ്യാജവാര്‍ത്തകളെ കണ്ടെത്താനുള്ള മാര്‍ഗമാണ്.
വ്യാജസന്ദേശത്തേക്കാളും ആളുകള്‍ തെറ്റിധരിക്കപ്പെടുന്നത് വ്യാജ ഫോട്ടോയും വീഡിയോയും കണ്ടാണ്. അതുകൊണ്ട് ഇവ ഏതു സൈറ്റില്‍ നിന്നാണ് വന്നതെന്ന് കണ്ടെത്തണം.

4.അറിയപ്പെടുന്ന സൈറ്റുകളുടെ ലിങ്കെന്നു തെറ്റിധരിപ്പിക്കുന്ന തരത്തില്‍ വ്യാജസൈറ്റുകളുടെ ലിങ്കും ഷയറുചെയ്യപ്പെട്ടാം. പക്ഷേ നല്ലതുപോലെ നോക്കിയാല്‍ ചില സ്‌പെല്ലിങ് മിസ്റ്റേക്കുകള്‍ കണ്ടേക്കാം. വ്യാജവാര്‍ത്തയുടെ ലക്ഷണമാണത്.
സന്ദേശത്തിലുള്ള വാര്‍ത്ത മറ്റു സൈറ്റുകളില്‍ നോക്കി സത്യാമാണോയെന്ന് ഉറപ്പുവരുത്തണം. ഇത് സത്യാവസ്ഥ തിരിച്ചറിയാനുള്ള എളുപ്പമാര്‍ഗമാണ്.

5. വാട്സ്ആപ്പില്‍ ഇഷ്ടമില്ലാത്ത ഏതു നമ്പറും ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ട്. അതുപോലെ ഇഷ്ടമില്ലാത്ത ഗ്രൂപ്പില്‍ നിന്നും പുറത്തുപോവുകയും ചെയ്യാം. എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഇവ ഉപയോഗിക്കണം.

6.ഒരേ സന്ദേശം ആവര്‍ത്തിച്ച് ഫോണില്‍ വന്നാല്‍ ജാഗ്രതയോടെ ഇരിക്കണം.അവ സത്യമെന്നു കരുതി ഷയര്‍ ചെയ്യരുത്. ഒരു മെസേജ് പലതവണ ഷെയര്‍ ചെയ്യപ്പെട്ടുവെന്നതുകൊണ്ടു മാത്രം ഇത് ശരിയാവണമെന്നില്ല.

വാട്സാപ്പിന്റെ ഈ നിര്‍ദേശങ്ങള്‍ പാലിക്കുകവഴി ഒരു പരിധിവരെ വ്യാജസന്ദേശങ്ങളെ നിയന്ത്രിക്കാനാകുമെന്നാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. മുമ്പ് ഗ്രൂപ്പിലൂടെയുള്ള വ്യാജസന്ദേശങ്ങളെ തടയാന്‍ പുതിയ ഫീച്ചര്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പത്രപരസ്യത്തിലൂടെ ജനങ്ങളെ ബോധവാന്മാരാക്കാന്‍ വാട്സ്ആപ്പ് ശ്രമിക്കുന്നത്.

SHARE