‘ഉപ്പും മുളകും ‘ അവസാനിപ്പിക്കുകയും ‘ചപ്പും ചവറും’ തുടങ്ങൂ…. ഗണേഷ് കുമാര്‍ പറയുന്നു

ഉപ്പും മുളകും പരിപാടിയില്‍ സംവിധായകനില്‍ നിന്ന് നേരിട്ടുകൊണ്ടിരുന്ന ദുരനുഭങ്ങള്‍ തുറന്ന് പറഞ്ഞ് നടി നിഷ സാരംഗ് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ചാനലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും മറ്റും ഇടപെടല്‍ മൂലം സംവിധായകനെ മാറ്റി നടിയെ തിരിച്ചെടുക്കുമെന്ന് ചാനല്‍ പിന്നീട് അറിയിച്ചിരുന്നു.

ഇപ്പോള്‍ നടി നിഷ സാരംഗിനെ പിന്തുണച്ച് ടെലി വിഷന്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടന ‘ആത്മ’യുടെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് കെബി ഗണേഷ് കുമാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് വൈറലാവുകയാണ്. സംവിധായകനില്‍ നിന്നും നേരിട്ട മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തിയ നിഷയെ അപമാനിക്കാനും പുറത്താക്കാനും നടത്തിയ ഹീനശ്രങ്ങളെ ആത്മ അപലപിക്കുന്നതായും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഗണേഷ് കുമാര്‍ പറഞ്ഞു.

‘നടിയെ നിലനിര്‍ത്തുന്നതായി പ്രഖ്യാപിക്കുകയും, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ‘ഉപ്പും മുളകും ‘ അവസാനിപ്പിക്കുകയും ചെയ്തതിനുശേഷം പിന്നീട് ‘ചപ്പും ചവറും’ എന്നോ മറ്റോ വേറൊരു പേരില്‍ അതേ സംവിധായകനെ വച്ച് സീരിയല്‍ പുനരാരംഭിക്കപ്പെടുന്നതിനും, നടി ഒഴിവാക്കപ്പെടുന്നതിനും ഉള്ള സാദ്ധ്യതകളും ഈ അനുഭവങ്ങളില്‍ നിന്ന് സംശയിക്കേണ്ടിയിരിക്കുന്നു’ ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കെബി ഗണേഷ് കുമാര്‍ ഇറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഫ്ലവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന’ ഉപ്പും മുളകും’ സീരിയല്‍ ലൊക്കേഷനില്‍ സംവിധായകനില്‍ നിന്നും ഉണ്ടായ വളരെ മോശമായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നടി നിഷാ സാരംഗിനെ അപമാനിക്കുന്നതിനും തന്ത്രപൂര്‍വ്വം പുറത്താക്കുന്നതിനും നടക്കുന്ന ഹീനശ്രമങ്ങളെ ‘ ആത്മ ‘ അതിശക്തമായി അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. 13 വര്‍ഷക്കാലമായി ഈ മേഖലയിലുള്ള നടീനടന്മാരുടെ ക്ഷേമത്തിനും പൊതുവായ ജീവകാരുണ്യ സേവനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ആത്മ’ യുടെ മുന്നില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വിഷയം എത്തുന്നത്.

എങ്കിലും ഇത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണുവാന്‍ കഴിയില്ല. ഓരോ ആര്‍ട്ടിസ്റ്റിനും അഭിമുഖീകരിക്കേണ്ടി വരാനിടയുള്ള ഭീഷണിയും വെല്ലുവിളിയും ആയിട്ടാണ് ‘ആത്മ’ നിഷയുടെ അനുഭവങ്ങളെ കാണുന്നത്. മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരും കലാകാരികളും തൊഴില്‍ മേഖലയില്‍ അഭിമുഖീകരിച്ചുവരുന്ന മറ്റ് ഒട്ടനവധി പ്രതിബന്ധങ്ങള്‍ സംബന്ധിച്ച് ആശങ്ക അറിയിച്ചും , അവ ആവര്‍ത്തിക്കാതിരിക്കാന്‍ ആത്മാര്‍ഥതയുള്ള നടപടികള്‍ ആവശ്യപ്പെട്ടും കേരളാ ടെലിവിഷന്‍ ഫ്രറ്റേണിറ്റിയ്ക്കും ചില ചാനല്‍ മേധാവികള്‍ക്കും ‘ആത്മ’ മുന്‍പ് കത്ത് നല്‍കിയിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അവരില്‍ ഒരാളും ഒരു മറുപടി നല്‍കാന്‍ പോലും തയ്യാറാകാതെ അങ്ങേയറ്റം അവഗണനാപരമായ സമീപനവും ഉത്തരവാദിത്യരാഹിത്യവും ആണ് കാട്ടിയത്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ വിഷയത്തിലുള്ള അവരുടെ നിലപാടും, തന്ത്രപരമായ ഒരു സമീപനമായിട്ടാണ് കാണേണ്ടിവരുന്നത്.

നടിയെ നിലനിര്‍ത്തുന്നതായി പ്രഖ്യാപിക്കുകയും, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ‘ഉപ്പും മുളകും ‘ അവസാനിപ്പിക്കുകയും ചെയ്തതിനുശേഷം പിന്നീട് ‘ചപ്പും ചവറും’ എന്നോ മറ്റോ വേറൊരു പേരില്‍ അതേ സംവിധായകനെ വച്ച് സീരിയല്‍ പുനരാരംഭിക്കപ്പെടുന്നതിനും, നടി ഒഴിവാക്കപ്പെടുന്നതിനും ഉള്ള സാദ്ധ്യതകളും ഈ അനുഭവങ്ങളില്‍ നിന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള നീതികേടുകള്‍ യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും, ആര്‍ട്ടിസ്റ്റുകള്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിന് എല്ലാ നടീനടന്മാര്‍ക്കും ഒപ്പം ‘ആത്മ’ അതിശക്തമായി നിലകൊള്ളുമെന്നും അറിയിക്കുന്നു. ആത്മാര്‍ഥതയോടെ, ‘ആത്മ’യ്ക്ക് വേണ്ടി
കെ. ബി. ഗണേഷ് കുമാര്‍. എം. എല്‍. എ.
(പ്രസിഡന്റ്)

pathram desk 2:
Related Post
Leave a Comment