അഭിമന്യൂ വധക്കേസിലെ കൊലപാതകികള്‍ രക്ഷപ്പെട്ടത് തന്റെ ഓട്ടോയില്‍!!! നാലംഗ സംഘത്തിലെ ഒരാള്‍ക്ക് ഷര്‍ട്ടില്ലായിരിന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍ ആക്രമി സംഘം രക്ഷപ്പെട്ടത് തന്റെ ഓട്ടോയിലാണെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. ജോസ് ജംഗ്ഷനില്‍ നിന്ന് കയറി തോപ്പുംപടിയില്‍ ഇറങ്ങി. തോപ്പുംപടിയില്‍ താമസമെന്നാണ് കരുതുന്നത്. എല്ലാവരും ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ളവരാണ്. നാലംഗ സംഘത്തിലെ ഒരാള്‍ക്ക് ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ ഫുട്ബോള്‍ കളി കാണുന്നതിനിടെ സംഘര്‍ഷം ഉണ്ടായെന്നാണ് പറഞ്ഞതെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് ഒരേ സമയം പൊലീസ് പരിശോധന നടത്തിയത്. കാടാമ്പുഴയ്ക്കടുത്തുള്ള കേന്ദ്രത്തിലും പരിശോധന നടത്തി.

ഇതിനിടെ, അഭിമന്യുവിനെ വധിച്ച കേസിലെ പ്രതികളെ സഹായിച്ച രണ്ടുപേര്‍ കൂടി അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം, കേസുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലിലായ എസ്ഡിപിഐ നേതാക്കളെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 132 പേരെ കോടതി റിമാന്‍ഡ് ചെയ്തു.

അഭിമന്യു കൊല്ലപ്പെട്ട ദിവസം രാവിലെ മുതല്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചത് കേസില്‍ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്നാണു പൊലീസിന്റെ നിഗമനം. കൊലയാളി സംഘത്തിനു അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തതു മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയാണെന്ന് അറസ്റ്റിലായ മറ്റൊരു പ്രതി മൊഴി നല്‍കുകയും ചെയ്തു. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ജന്മനാടായ ഇടുക്കി വട്ടവടയിലേക്കു പോയ അഭിമന്യുവിനെ എറണാകുളത്തുനിന്നു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതായി ബന്ധുക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച രാത്രി ചുവരെഴുത്തിനെച്ചൊല്ലി മഹാരാജാസ് കോളജില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ സ്ഥലത്ത് എത്തിയവരില്‍ പലരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചിയിലും പരിസരത്തുമുള്ള ഇവരില്‍ ചിലര്‍ സംഭവദിവസം മുതല്‍ ഒളിവില്‍ പോയതായി കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍ പോകാന്‍ സഹായിച്ചതായി സംശയിക്കുന്ന ജില്ലയിലെ എസ്ഡിപിഐ നേതാക്കളുടെ ഫോണ്‍വിളി വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്.

pathram desk 1:
Leave a Comment