‘പാര്‍വതി ദുഷ്ടന്മാരാല്‍ അതിക്രൂരമായി ആക്രമിക്കപെട്ടപ്പോള്‍ മമ്മുക്ക മൗനം പാലിച്ചു, ഫെഫ്കയുടെ നേതാവ് ബി ഉണ്ണികൃഷ്ണനും കുറ്റാരോപിതനായ നടന്റെ കൂടെയാണ്’: ആഷിഖ് അബു

കൊച്ചി: സര്‍ഗാത്മകമായി അതിവേഗം മുന്നോട്ടുപോകുന്ന മലയാള സിനിമയെ ക്രിമിനല്‍ വിമുക്തമാക്കാന്‍ രാഷ്ട്രീയ ഇടപെടലിനു മാത്രമേ കഴിയൂവെന്ന് സംവിധായകന്‍ ആഷിഖ് അബു. സിനിമാ രംഗത്തെ അക്രമകാരികളെ അടക്കിനിര്‍ത്താന്‍, നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണവും അവര്‍ക്കവകാശപെട്ട സ്വാതന്ത്ര്യവും ലഭ്യമാക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവണമെന്ന് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ആഷിഖ് അബു ആവശ്യപ്പെട്ടു.

സര്‍ക്കാരിനോടും പൊതുജങ്ങളോടും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടുമുള്ള അഭ്യര്‍ത്ഥന എന്ന പേരില്‍ ആഷിഖ് അബു എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സമൂഹത്തില്‍ ഭീകരത പടര്‍ത്തി എതിര്ശബ്ദങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഭീകരവാദത്തിന്റെ അടിസ്ഥാന പ്രമാണം. മലയാള സിനിമയിലും കുറെ കാലമായി നടക്കുന്ന കാര്യമിതാണ്. ഭീഷണി, കായികമായി ഉപദ്രവിക്കുക, സൈബര്‍ ആക്രമണം നടത്തുക തുടങ്ങി അനേകം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരു ഭീകരാന്തരീക്ഷം സൃഷ്ടികുകയും, സിനിമ എന്ന ജനപ്രിയകലയോട് ജനങ്ങള്‍ക്കുള്ള നിഷ്‌കളങ്കമായ സ്നേഹവും ആരാധനയും ഉപയോഗിച്ച് ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ ഗുണ്ടാ സംഘം രൂപീകരിക്കുകയും അവര്‍ ഈ താരങ്ങള്‍ക്കുവേണ്ടി ആക്രമങ്ങള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എതിര്‍പക്ഷത്തെ, പ്രത്യേകിച്ച് സ്ത്രീകളെ നിശ്ശബ്ദരാക്കുകയുമാണ് ഈ തന്ത്രം.

2002 മുതല്‍ മലയാള സിനിമയിലും തെന്നിന്ത്യന്‍ സിനിമകളിലും സജീവമായി പ്രവര്‍ത്തിച്ച ഒരു പ്രശസ്തയായ പെണ്‍കുട്ടിയെ, നടുറോഡില്‍ ആക്രമിക്കാനുള്ള ധൈര്യം കിട്ടുന്നത് ഈ ആരാധക ക്രിമിനല്‍ കൂട്ടം എന്തും ചെയ്യാനായി കൂടെയുള്ളതുകൊണ്ടും പണവും സ്വാധീനവും ഉള്ളതുകൊണ്ടുമാണ്. എല്ലാ ദുഷ്ട്ടപ്രവര്‍ത്തികളും ചെയ്യാന്‍ ഇവര്‍ക്ക് ശക്തിയാകുന്നത് സിനിമ എന്ന കലയോടുള്ള നമ്മുടെ ജനങ്ങളുടെ നിഷ്‌കളങ്കമായ സ്നേഹത്തെ മുതലെടുത്തുകൊണ്ടാണ്.
ഒരഭിപ്രായം പറഞ്ഞെന്ന ‘ കുറ്റത്തിന് ‘ പാര്‍വതി അതിക്രൂരമായി ഈ ദുഷ്ടന്മാരാല്‍ ആക്രമിക്കപെട്ടപ്പോള്‍ മമ്മുക്ക മൗനം പാലിച്ചു, കേരളം മൗനം പാലിച്ചു. ആ ആക്രമണങ്ങളെ ഈ പെണ്‍കുട്ടികള്‍ ഒരുമിച്ചുനേരിട്ടു, ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അഭിപ്രായങ്ങളും നിലപാടുകളും പരസ്യമായി പ്രകടിപ്പിക്കുകയും ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുകയും ചെയ്യുന്നവരുടെ സിനിമകള്‍ ആക്രമിക്കപ്പെടുന്നു. സൈബര്‍ അറ്റാക്കുകള്‍ വഴി അതിഭീകര വിഷം ചീറ്റുന്ന ഈ കൂട്ടം, നേരിട്ടാണെങ്കില്‍ കായികമായി കൈകാര്യം ചെയ്യുമെന്നും, പെണ്ണുങ്ങളെ റേപ്പ് ചെയ്യുമെന്നും ഉറപ്പാണ്. അവരത് ചെയ്യും. അത്ര മാത്രം വെറുപ്പിന്റെ അളവ് ആരാധനയുടെ പേരില്‍ അവരിലുണ്ട്.

ഇവരുടെ ലിസ്റ്റിലുള്ള ആളുകളുടെ സിനിമകളുമായോ ഇവരുമായോ സഹകരിക്കാന്‍ എല്ലാവരും പേടിക്കുന്നു. പാര്‍വതിയുടെ രണ്ടു സിനിമകള്‍, അതും പ്രിത്വിരാജുമൊത്തു വരാനിരിക്കുകയാണ്. ഈ സിനിമകളുടെ സംവിധായകരും നിര്‍മാതാക്കളും എഴുത്തുകാരും മറ്റ് അണിയറ പ്രവര്‍ത്തകരും അതിഭീകര സമ്മര്‍ദം അനുഭവിക്കുകയാണ്. പാര്‍വതിയുടെ പേരില്‍ ചിത്രം ആക്രമിച്ചുനശിപ്പിക്കും എന്ന് ഈ കൂട്ടം എപ്പോഴേ വെല്ലുവിളിച്ചു കാത്തിരിക്കുകയാണ്. പൊതുപരിപാടികളില്‍ പാര്‍വതി പങ്കെടുക്കുമ്പോള്‍ നടക്കുന്ന തെറിവിളിച്ചുള്ള കൂവല്‍ സംഗീതം പോലെ ആസ്വദിക്കുകയാണ് (താരങ്ങള്‍)?!

‘സിനിമാനടികള്‍’ അവരെ തെറിവിളിക്കാനും ബലാത്സംഗം ചെയ്യാനും ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമുള്ള ലൈസെന്‍സ് ആരാണിവര്‍ക് നല്‍കുന്നത്? സിനിമകളെ, അതില്‍ പണിയെടുക്കുന്ന പ്രവര്‍ത്തകരെ ആക്രമിച്ചും പേടിപ്പിച്ചും ഇത്രെയും കാലം അഴിഞ്ഞാടിയ ഇവരെ ഒരു വാക്കുകൊണ്ടുപോലും തടയാത്ത സിനിമാ തൊഴിലാളികളുടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടന ( ഫെഫ്ക ) അര്‍ത്ഥഗര്‍ഭമായ മൗനം തുടരുന്നു. മികച്ച എഴുത്തുകാരും സംവിധായകരും ഛായാഗ്രാഹകരും മറ്റുമുള്ള വലിയ തൊഴിലാളി പ്രസ്ഥാനമാണ് ഫെഫ്ക. ( ഒരു അഭിമുഖത്തില്‍ ഫെഫ്കയെ ‘ അപകീര്‍ത്തിപ്പെടുത്തി ‘എന്ന കുറ്റം വിധിച്ച ഫെഫ്ക ഡിറക്ടര്‍സ് യൂണിയന്‍ ഭാരവാഹികളായ ശ്രി ജി എസ് വിജയന്‍, ശ്രി രഞ്ജി പണിക്കര്‍ എന്നിവര്‍ എന്നോട് വിശദീകരണം ചോദിക്കുകയും, അതിന് ഞാന്‍ മറുപടി കൊടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആ സംഘടനയുടെ പ്ലാറ്റഫോമില്‍ പറയാന്‍ പറ്റാത്തത്കൊണ്ടാണ് ഇവിടെ പറയുന്നത് ). വളരെശക്തമായ അംഗബലമുള്ള, ഒരു തൊഴിലാളി സംഘടന പോലും സിനിമയെ ഈ ആക്രമണങ്ങളില്‍ നിന്ന് തടുക്കാന്‍ മുന്നോട്ടുവരുന്നില്ല. ഫെഫ്കയുടെ നേതാവും ‘ ഇടതുപക്ഷ ‘ സഹയാത്രികനുമായ ശ്രി ബി ഉണ്ണികൃഷ്ണന്‍ കുറ്റാരോപിതനായ നടന്റെ കൂടെയാണ്. പ്രശ്നങ്ങളില്‍ നിഷ്പക്ഷമായി ഇടപെടേണ്ട ഒരു തൊഴിലാളി പ്രസ്ഥാനം പക്ഷം കൃത്യമായി പിടിച്ചുകഴിഞ്ഞു.

ഇനി ആരോടാണ് ഈ വലിയ വ്യവസായത്തിലെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് ഈ പെണ്കുട്ടികളും, നീതിക്കൊപ്പം നില്‍ക്കുന്ന ഞങ്ങളുടെ സിനിമകള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഞങ്ങളും പറയേണ്ടത്? രാഷ്ട്രീയ കേരളത്തോടുതന്നെ!
മനുഷ്യാവകാശ ലംഘനം, ബാലസംഗം, ഭീഷണി, സ്വജനപക്ഷപാതം, അക്രമം. സര്‍ഗാത്മകമായി അതിവേഗം മുന്നോട്ടുപോകുന്ന മലയാള സിനിമയെ ക്രിമിനല്‍ വിമുക്തമാക്കാന്‍, ഈ അക്രമകാരികളെ അടക്കിനിര്‍ത്താന്‍, നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണവും അവര്‍ക്കവകാശപെട്ട സ്വാതന്ത്ര്യവും ലഭ്യമാക്കാന്‍ രാഷ്ട്രീയ ഇടപെടലിന് മാത്രമേ കഴിയൂ.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment