ആക്രമിക്കപ്പെട്ട നടി അമ്മയ്ക്ക് നല്‍കിയ പരാതിയില്‍ വാസ്തവമുണ്ടെന്ന് ഇടവേള ബാബുവിന് തോന്നിയിരിന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദിലീപ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു അമ്മയുടെ വാദം. ഈ വാദത്തെ പൊളിക്കുന്നതാണ് ഇടവേള ബാബു പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.
നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് എന്ന് ദിലീപിനോട് ചോദിച്ചിരുന്നു. ഒരു സ്‌റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന് ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടാതായിയെന്നും ഇടവേള ബാബു മൊഴിയില്‍ പറയുന്നു.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത അവസരത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. ദിലീപിനെ തിരിച്ചെടുത്തത് കൊണ്ടല്ലെന്നും ഇതിനു മുമ്പ് ദിലീപ് തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ അമ്മ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്രമിക്കപ്പെട്ട നടി രാജിവച്ചതിന് ശേഷം പ്രതികരിച്ചിരിന്നു.