പ്രത്യേക യോഗം വിളിച്ച് ‘അമ്മ’ നിലവിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് നടിമാരുടെ സംഘടന

കൊച്ചി: പ്രത്യേക യോഗം വിളിച്ച് ‘അമ്മ’ ഇപ്പോഴുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് താരസംഘടനയില്‍ തുടരുന്ന വിമന്‍ ഇന്‍ സിനിമാ കളക്റ്റിവ് അംഗങ്ങള്‍. വനിതാ കളക്റ്റിവിലെ മൂന്ന് അംഗങ്ങള്‍ അമ്മയില്‍ നിന്ന് രാജി വച്ചതിനെത്തുടര്‍ന്ന് മഞ്ജു വാര്യര്‍ ഉള്‍പ്പടെ താരസംഘടനയില്‍ തുടരുന്ന നാല് പേരാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ഇവരാരും തന്നെ കൊച്ചിയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ അമ്മയ്ക്ക് ഔദ്യോഗികമായി ഒരു കത്ത് കൈമാറാനാണ് സാധ്യത.

ജൂണ്‍ 24 ന് നടന്ന അമ്മ ജനറല്‍ ബോഡി മീറ്റിംഗില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്തു ചര്‍ച്ച ചെയ്തതിന്റെ അനൗചിത്യം ചൂണ്ടി കാണിക്കുകയാണ് ആശയവിനിമയം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കുറ്റരോപിതനായ നടനെ തിരിച്ചെടുക്കാന്‍ വേണ്ടി അമ്മയില്‍ ഉണ്ടായ ചര്‍ച്ചയും ശ്രമങ്ങളും (ഇപ്പോള്‍ രാജി വച്ച അമ്മ അംഗവും കൂടിയായ) ആക്രമിക്കപ്പെട്ട നടിയ്ക്ക് സംഘടന ഒരിക്കല്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നല്‍കിയ വാക്കിന് വിരുദ്ധമാണ് എന്ന് ഓര്‍മ്മിപ്പിക്കും.

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി അമ്മ എടുക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച വേണം എന്ന് ഉന്നയിക്കും. സംഘടനാ തലത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഈ അവസരത്തില്‍ സംഭാഷണങ്ങള്‍ ഉണ്ടാകും. നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമ്മ ജനറല്‍ ബോഡിയില്‍ നടന്ന നീക്കങ്ങളെ ശക്തമായി അപലപിച്ചു കൊണ്ട് സംഘടനയില്‍ കൂടി അംഗത്വമുള്ള മൂന്നു വനിതാ കളക്റ്റിവ് അംഗങ്ങള്‍ അമ്മയില്‍ നിന്നും രാജി വച്ചിരുന്നു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നിവരാണ് ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് അമ്മയ്ക്ക് പുറത്തു പോയത്. ഇവരെ കൂടാതെ കളക്റ്റിവില്‍ ഉള്ള അമ്മ അംഗങ്ങളായ മഞ്ജു വാര്യര്‍, പദ്മപ്രിയ, പാര്‍വ്വതി തിരുവോത്ത്, രേവതി എന്നിവരാണ് അമ്മയ്ക്കുള്ളില്‍ തുടര്‍ന്നു കൊണ്ട് അവരോടു ചര്‍ച്ചയ്ക്കു ശ്രമിക്കുന്നത്.

എന്നാല്‍ ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തിയ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെയുള്ള ഡബ്ല്യൂ.സി.സിവേ അംഗങ്ങളുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് അമ്മ നേതൃത്വം. രാജിക്കത്ത് ലഭിച്ചാല്‍ സ്വീകരിക്കുമെന്നും അമ്മ സെക്രട്ടറി ഇടവേള ബാബൂ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്കു പുറമെ ഡബ്ല്യൂസിസി അംഗങ്ങളായ റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് ഫേസ് ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തിയത്

pathram desk 1:
Leave a Comment