ദിലീപ് ധിക്കാരി… പണ്ടും ഇപ്പോഴും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ല; അമ്മ സ്വയം തിരുത്താന്‍ തയ്യാറാകണമെന്ന് ജി. സുധാകരന്‍

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് നിന്ന് രാജിവച്ച നാലു വനിതാ താരങ്ങള്‍ക്ക് പിന്തുണയുമായി നിരവധി അഭിനേതാക്കളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും അമ്മക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനും അമ്മക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ജി.സുധാകരന്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ദിലീപ് ധിക്കാരിയാണെന്ന് സുധാകരന്‍ പറഞ്ഞു. പണ്ടും ഇപ്പോഴും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ല. തിലകനോട് ചെയ്തത് മറക്കാനാകില്ല. ‘അമ്മ’ സ്വയം തിരുത്താന്‍ സ്വയം തയ്യാറാകണം. അമ്മ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ തീരുമാനമെടുത്തു. സിനിമാ രംഗത്തുള്ളവര്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണം. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്. രാജിവെച്ച നടിമാര്‍ അഭിമാനമുള്ളവരാണ്. മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണമെന്നും സുധാകരന്‍ പറഞ്ഞു. മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്‌കാരത്തിന് ചേരാത്തതാണ് അവിടെ നടക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മോഹന്‍ലാലിനോട് മതിപ്പ് കുറഞ്ഞെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞു. രാജി വിവാദത്തില്‍ അമ്മ നിലപാട് വ്യക്തമാക്കണം. അമ്മയുടെ നടപടി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല. ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നിലപാട് ഉചിതമല്ല. അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു. മഞ്ജു വാര്യര്‍ നിലപാട് പറയാന്‍ ഭയക്കേണ്ടതില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി.

അമ്മയ്‌ക്കെതിരെ വനിതാകൂട്ടായ്മ തുറന്നടിച്ചതിന് പിന്നാലെയാണ് സംഘടനയെ പൊട്ടിത്തെറിയിലേക്ക് നയിച്ച് നടിമാരുടെ രാജി. ഡബ്ല്യുസിസിയുടെ ഫെയ്ബുക്ക് പേജിലാണ് രാജി പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നാല് പേരും രാജിയുടെ കാരണവും വിശദീകരിച്ചിട്ടുണ്ട്.

pathram desk 1:
Leave a Comment