വിദേശ വനിത കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് സുഹൃത്ത്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കേരളാ പോലീസിന്റെ അന്വേഷണം ശരിയായ ദിശയില്ലെന്ന് വിദേശ വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂ രംഗത്ത്. കേസ് അവസാനിപ്പിക്കാനായിരുന്നു പോലീസിന് താത്പര്യമെന്നും കേസിലെ ദുരൂഹതകള്‍ നീക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുഹൃത്ത് ആരോപിക്കുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസില്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തതായി ആന്‍ഡ്രൂ പറഞ്ഞു. ഇതു സംബന്ധിച്ച് ജൂണ്‍ ആറിന് കേരളാ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നുവെങ്കിലും യാതൊരുവിധ പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തത്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും മൃതദേഹം ദഹിപ്പിച്ചതില്‍ സംശയമുണ്ട്. സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു. ഡിവൈഎസ്പിയും ഐജിയും മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും ഇതില്‍ സംശയമുണ്ടെന്നും പോലീസിന് ഇതില്‍ എന്താണ് നേട്ടമെന്നും ആന്‍ഡ്രൂസ് ചോദിക്കുന്നു.

പോലീസ് കണ്ടെത്തിയ മൃതദേഹത്തിന് 20-25 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ അവളെ ആരെങ്കിലും നിര്‍ബന്ധിതമായി തടവില്‍ പാര്‍പ്പിച്ചിരിക്കണം. പ്രതികളുടെ മൊഴി ഇതില്‍ നിന്നും വിരുദ്ധമാണെന്നും മരണപ്പെട്ടയാളുടെ മൃതദേഹം നാട്ടുകാര്‍ നേരത്തെ തന്നെ കണ്ടിരുന്നെങ്കിലും അവരും പോലീസിനോട് പറയാന്‍ തയ്യാറാകാതിരുന്നത് ദുരൂഹമാണെന്നും സുഹൃത്ത് പറയുന്നു.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്കും ഇതു സംബന്ധിച്ച് സംശയങ്ങളുണ്ട്. ആരുമായും പ്രശ്നങ്ങള്‍ വേണ്ടെന്നുവെച്ചാണ് സഹോദരി തിരിച്ചു പോയതെന്നും ആന്‍ഡ്രൂസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. പോലീസ് ഒരു കാര്യവും തങ്ങളുമായി പങ്കുവെക്കാന്‍ തയ്യാറായില്ലെന്നും ആന്‍ഡ്രൂസ് ആരോപിക്കുന്നു.

കേസുമായി ബന്ധപ്പെട്ട് എന്റെ സുഹൃത്ത് ബിജു വര്‍മ ഒരു സിനിമ എടുക്കുന്നുണ്ടെന്നും എന്റെ കണ്ണിലൂടെ ഈ കേസിലെ കുറിച്ച് പറയുന്ന തരത്തിലാണ് ആ സിനിമ ഒരുക്കുന്നതെന്നും എനിക്ക് ഇവിടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആ സിനിമയില്‍ വ്യക്തമായി പ്രതിപാദിക്കുമെന്നും ആന്‍ഡ്രൂസ് വ്യക്തമാക്കുന്നു.

pathram desk 1:
Related Post
Leave a Comment