പൊലിസിലെ ദാസ്യപ്പണിയില്‍ പി.വി രാജുവിനെതിരെ അന്വേഷണം,എഡിജിപിയുടെ മകളുടെ മര്‍ദ്ദനത്തിനിരയായ ഗവാസ്‌കര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: പൊലിസിലെ ദാസ്യപ്പണി ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. എസ്.എപി ബറ്റാലിയന്‍ ക്യാംപ് കമാന്‍ഡന്റ് പി വി രാജുവിനെതിരെ അന്വേഷണത്തിന് ഉത്തരവായി. ബറ്റാലിയന്‍ ഐ ജി ജയരാജ് ആരോപണം അന്വേഷിക്കും.രാജുവിനെതിരെ ക്യാംപ് ഫോളോവേഴ്സിലെ ദിവസക്കൂലിക്കാരായ രണ്ട് പൊലിസുകാര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു.

രാജുവിന്റെ വീട്ടില്‍ ടൈല്‍സ് പാകാനായി നാലു പേരെ നിയോഗിച്ചെന്നാണ് പരാതി. പിന്നീട് പൊലിസിലെ ദാസ്യപ്പണി വിവാദം പുറത്തുവന്നതോടെ തങ്ങളെ പറഞ്ഞയക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

അതേസമയം എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനത്തിനിരയായ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗവാസ്‌കര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്നാണ് സ്നിഗ്ധ പരാതി നല്‍കിയത്. നിലവില്‍ ഗവാസ്‌കറിന്റേയും സ്നിഗ്ധയുടേയും പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.

pathram desk 2:
Leave a Comment