ന്യൂസ് അവറില്‍ കോട്ടിട്ട് വിധി പ്രഖ്യാപിക്കുന്നവരല്ല, ജനങ്ങളാണ് വിധി കര്‍ത്താക്കള്‍: ചെങ്ങന്നൂര്‍ വിജയത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയം സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ന്യൂസ് അവറില്‍ കോട്ടിട്ട് വിധി പ്രഖ്യാപിക്കുന്ന ആങ്കര്‍ പേഴ്സണല്ല, ജനങ്ങളാണ് വിധി കര്‍ത്താക്കള്‍. ജനങ്ങളുടെ അംഗീകാരം നേടിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യഗ്രതിയില്‍ നാടിനെ ആകെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസും ബിജെപിയും നടത്തിയത്. അതിനുള്ള തിരിച്ചടിയാണ് ചെങ്ങന്നൂര്‍ ഫലം.

പ്രതിപക്ഷ നേതാവിന്റെ വീടിനുചുറ്റമുള്ളവര്‍ പോലും അദ്ദേഹത്തിനെ അംഗീകരിക്കുന്നില്ല. ചെന്നിത്തലയുടെ നുണ പ്രചരണങ്ങള്‍ ജനം തിരിച്ചറിഞ്ഞതുകൊണ്ടാണ് ജനങ്ങള്‍ സജി ചെറിയാന് ചെന്നിത്തലയുടെ ബൂത്തില്‍ ഇത്രയും ഭൂരിപക്ഷം കിട്ടിയത്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിനുള്ള പിന്തുണയുടെ വിളംബരമാണ്, അതിശക്തമായ അസത്യ പ്രചാരണത്തിനിടയിലും സത്യത്തെ കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിവാദ്യം ചെയ്യുന്നതായും പിണറായി അറിയിച്ചു.

ബിജെപിയെ പ്രബുദ്ധരായ കേരള ജനത ഒരിക്കലും അങ്ങീകരിക്കില്ലെന്നതിന്റെ തെളിവാണ് ചെങ്ങന്നൂര്‍. വികസനത്തിനെതിരെ നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകരുന്നു. ജനപക്ഷ വികസനത്തിന് ഇടത് സര്‍ക്കാരിന് ലഭിച്ച പച്ചക്കൊടിയാണ് ചെങ്ങന്നൂര്‍ വിജയം. ഇടത് മന്ത്രിസഭയ്ക്കെതിരായി അഴിച്ചുവിടുന്ന അപവാദ പ്രചരണത്തിനെതിരായ ജനവിധിയാണിതെന്നും പിണറായി വ്യക്തമാക്കി.

SHARE