എല്‍.ഡി.എഫ് മുന്നേറ്റം യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചുവെന്ന് സജി ചെറിയാന്‍; യു.ഡി.എഫിന്റെ വോട്ടുകള്‍ എല്‍.ഡി.എഫ് പണം കൊടുത്ത് വാങ്ങിയെന്ന് ശ്രീധരന്‍ പിള്ള

ചെങ്ങന്നൂര്‍: വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജിചെറിയാന്‍. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ വിജയത്തിന്റെ സൂചനകള്‍ ലഭിച്ചെന്ന് സജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ തവണ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ പോലും പിന്നില്‍ നിന്ന മാന്നാര്‍ പഞ്ചായത്തില്‍ വ്യക്തമായ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന് ലഭിച്ചതെന്നും സജിചെറിയാന്‍ പറഞ്ഞു.

യു.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള മേഖലയിലെ എല്‍.ഡി.എഫ് മുന്നേറ്റം യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 3240 വോട്ടിനാണ് മുന്നിട്ട് നില്‍ക്കുന്നത്. പാണ്ടനാട് പഞ്ചായത്തില്‍ വോട്ടെണ്ണല്‍ തുടരുമ്പോഴും എല്‍.ഡി.എഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്.

സജി ചെറിയാന് 8326 വോട്ടാണ് ഇതുവരെയുള്ളത്. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 5697 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന് പിള്ളയ്ക്ക് 4117 വോട്ടുമാണുള്ളത്.

അതേസമയം ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് പി.എസ്.ശ്രീധരന്‍പിള്ള. ഇക്കാര്യം താന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആരോപിച്ചതാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

മാന്നാറും പാണ്ടനാടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ്. ഇവിടുത്തെ വോട്ടുപോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടില്ല. ഇത് തെളിയിക്കുന്നത് യുഡിഎഫ്-എല്‍ഡിഎഫ് ഐക്യമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

SHARE