നിപ്പയുടെ ഉറവിടം വവ്വാലുകളല്ല; പരിശോധനാഫലം എത്തി

കോഴിക്കോട് : നിപ്പ വൈറസിന്റെ ഉറവിടം ആദ്യരോഗിയുടെ വീടിന് സമീപത്തു നിന്ന് പിടിച്ച വവ്വാല്‍ അല്ലെന്ന് പരിശോധനാഫലം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനയ്ക്ക് അയച്ച വവ്വാലുകളില്‍ രോഗബാധ സ്ഥിരീകരിക്കാനായില്ല. കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള കിണറ്റിലെ വവ്വാലുകളുടെ രക്തത്തിന്റെ സാമ്പിളുകളാണ് ഭോപ്പാലിലേക്കയച്ചത്.

21 സാമ്പിളുകളാണ് മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ വവ്വാലില്‍ നിന്ന് മാത്രം മൂന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. പന്നിയുടെ എട്ട്, കന്നുകാലിയുടെ അഞ്ച്, ആടിന്റെ അഞ്ച് എന്നിങ്ങനെയാണ് അയച്ചത്. ഇവയിലൊന്നും വൈറസ് കണ്ടെത്താനായിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി.പി. സിങ്ങിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതിനാല്‍ തന്നെ കൂടുതല്‍ പരശോധനയ്ക്കായി നാളെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളവര്‍ എത്തുന്നുണ്ട്. ഇവര്‍ ഫലം ഭക്ഷിച്ചു ജീവിക്കുന്ന വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും. എന്നാല്‍ ഉറവിടം കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ല എന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular