ദാദയുടെ ജീവിതം വെള്ളിത്തിരയിലേക്ക്,ഒരുങ്ങുന്നത് ആത്മകഥയെ അടിസ്ഥാനമാക്കി

2002 ലെ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ സഹീര്‍ ഖാന്‍ ഇന്ത്യയുടെ വിജയ റണ്‍ നേടുമ്പോള്‍ ലോര്‍ഡ്സിന്റെ ബാല്‍ക്കണിയില്‍ നിന്ന് താന്‍ ധരിച്ചിരുന്ന ഷര്‍ട്ടൂരി കറക്കിയതുള്‍പ്പെടെ, സംഭവബഹുലമായ കരിയറിനുടമയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദാദ, അഥവാ സൗരവ് ഗാംഗുലി. അന്ന് ഗാംഗുലിയുടെ ആഘോഷം ക്രിക്കറ്റ് ലോകത്ത് പിന്നീട് വലിയ വാര്‍ത്തയായിരുന്നു. ദാദയുടെ ജീവിതം സിനിമയായാല്‍ ഗംഭീരമാകുമെന്ന് ആരാധകര്‍ അന്നുമുതലേ പറയുന്നതാണ്. ഒടുവില്‍ ആ കാത്തിരിപ്പ് സഫലമാകുകയാണ്.

‘എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്’ എന്ന സൗരവ് ഗാംഗുലിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി, അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കാനൊരുങ്ങുകയാണ് ആള്‍ട്ട് ബാലാജി പ്രൊഡക്ഷന്‍ ഹൗസ്. ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിം ലിമിറ്റഡിന്റെ ഭാഗമാണ് ആള്‍ട്ട് ബാലാജി.

രണ്ടുമാസം മുമ്പാണ് കൊല്‍ക്കത്തയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് സൗരവ് ഗാംഗുലിയുടെ ആത്മകഥ ‘എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. തന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പുസ്തകം എന്നായിരുന്നു ഗാംഗുലി ഇതിനെ വിശേഷിപ്പിച്ചത്. കൊല്‍ക്കത്തയിലെ ബീരന്‍ റോയ് റോഡില്‍ നിന്നും ലോര്‍ഡ്സ് വരെയുള്ള തന്റെ യാത്രയാണ് അദ്ദേഹം പുസ്തകത്തില്‍ പറയുന്നത്.

സിനിമ നിര്‍മ്മിക്കുന്നതിനെ കുറിച്ച് പ്രൊഡക്ഷന്‍ ഹൗസ് മുംബൈയില്‍ വച്ച് ഗാംഗുലിയുമായി ഒരു തവണ ചര്‍ച്ച നടത്തി എന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. തന്റെ ജീവിതം സിനിമയാകുമ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരാള്‍ സംവിധായകനായി ഉണ്ടാകണമെന്നാണ് ഗാംഗുലിയുടെ ആഗ്രഹമെന്നും, എന്നാല്‍ ഏക്തയ്ക്കു താത്പര്യം മുംബൈയില്‍ നിന്നുള്ള സംവിധായകനെ ആണെന്നും അറിയുന്നു.

ബാലാജി പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഒന്നും തീരുമാനിച്ചില്ലെന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. തീരുമാനമായാല്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE