ആലപ്പുഴയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബസിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്; അപകടം ലോറിക്ക് പഞ്ചറൊട്ടിക്കുന്നതിനിടെ

ആലപ്പുഴ: ദേശീയപാതയില്‍ പഞ്ചറായിക്കിടന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ യാത്രാ ബസിടിച്ച് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്ക്. നാലുപേരുടെ പരിക്ക് ഗുരുതരം. ഇന്ന് പുലര്‍ച്ചെ 2.30ന് ആലപ്പുഴ കളപ്പുര ക്ഷേത്രത്തിനു മുന്നിലായിരിന്നു അപകടം. പാലക്കാടു നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

ലോറിക്കു പഞ്ചറൊട്ടിച്ചുകൊണ്ടിരിക്കെ ബസ് പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനത്തിന്റെ സുരക്ഷാവാതില്‍ പ്രവര്‍ത്തിക്കാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്കു പരുക്കുണ്ട്. ദേശീയപാതയില്‍ ഗതാഗതതടസ്സമുണ്ടായി. പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

pathram desk 1:
Leave a Comment